NationalTop News

ഒഡീഷയിൽ മലയാളി വൈദികന് നേരെയുണ്ടായ മർദനത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം

Spread the love

ഒഡീഷയിൽ മലയാളി വൈദികനെ പള്ളിയിൽ കയറി പൊലീസ് മർദിച്ച സംഭവത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണമോ പൊലീസ് സേനയിൽ നിന്ന് വിശദീകരണമോ ഇതുവരെയും തേടിയിട്ടില്ല.

കഴിഞ്ഞ മാർച്ച്‌ 22 നാണ് ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദർ ജോഷി ജോർജിനെയും സഹ വൈദികനെയും പൊലീസ് മർദിച്ചത്.പള്ളിയിൽ അതിക്രമിച്ച് കയറിയായിരുന്നു പൊലീസ് കയ്യേറ്റം. ലാത്തി ഉപയോഗിച്ചുള്ള പൊലീസ് ആക്രമണത്തിൽ സഹ വൈദികന്റെ തോളെല്ല് പൊട്ടി പരുക്കേൽക്കുകയും ചെയ്തിരുന്നു. പള്ളിയിൽ ഉണ്ടായിരുന്ന സ്ത്രീകൾക്കെതിരെയും പൊലീസ് ലാത്തി കൊണ്ട് പെരുമാറി. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് മർദനം.

അതേസമയം, ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവത്തിലും അനാസ്ഥ തുടരുകയാണ്. ആക്രമണം നടത്തിയ പ്രതികളെ ഇനിയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് 6 ദിവസം കഴിഞ്ഞിട്ട് പ്രതികളെ തിരിച്ചറിയാനുള്ള നടപടി പോലും പൂർത്തിയായിട്ടില്ല. ഒരു സ്ത്രീയും 2 പുരുഷൻമാരുമടക്കം 3 ബജ്‌രംഗ് ദൾ പ്രവർത്തകരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. എന്നാൽ പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞാണ് കേസിൽ എഫ്‌ഐആർ ഇടാൻ പോലും പൊലീസ് തയ്യാറായത്.