KeralaTop News

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം; സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Spread the love

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അപ്പീലിൽ വാദം കേൾക്കും. ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുമതി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിലാണ് വാദം.

മുനമ്പം ജുഡീഷ്യൽ കമ്മിഷന്റെ വസ്തുതാ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. അപ്പീലിലെ തീരുമാനത്തിന് വിധേയമായി മാത്രമേ ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കുവെന്നാണ് സർക്കാർ നൽകിയ ഉറപ്പ്. കമ്മിഷന്റെ കാലാവധി മാർച്ച് 28ന് അവസാനിച്ച സാഹചര്യത്തിലാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ പ്രത്യേക അനുമതി തേടിയത്. നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയിരുന്നത്.

വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തിൽ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്നാൽ മനസിരുത്തിയല്ല സർക്കാർ കമ്മിഷനെ നിയോഗിച്ചതെന്നും ഹൈക്കോടതി പറ‍ഞ്ഞു. വസ്തുതാ അന്വേഷണമാണ് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ മുനമ്പത്ത് നടത്തുന്നത് എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.