പ്രധാനമന്ത്രിയെ പുകഴ്‌ത്തിയ ശശി തരൂരിനെ പിന്തുണച്ച് ജോൺ ബ്രിട്ടാസ്; ‘അഭിനന്ദിക്കേണ്ടത് ഇടതുപാർട്ടികളെ’
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എംപി. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാർട്ടികൾ മുൻപ് പറഞ്ഞിരുന്നു. ശശി തരൂർ അഭിനന്ദിക്കേണ്ടത് ഇടതു പാർട്ടികളെയാണ്. പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും സിപിഎം എംപി പ്രതികരിച്ചു.
നിരവധി അന്താരാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന റായ് സെയ്‌ന സംവാദത്തിലാണ് ശശി തരൂർ പ്രധാനമന്ത്രിയുടെ നിലപാടിനെ വീണ്ടും പ്രശംസിച്ചത്. റഷ്യയോടും യുക്രൈനോടും ഒരുപോലെ സംസാരിക്കാനുള്ള ഇടം മോദി ഉണ്ടാക്കിയെന്ന് തരൂർ ചൂണ്ടിക്കാട്ടി. പ്രസ്താവന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ പങ്കുവെച്ചു. തരൂരിന്റെ സത്യസന്ധത പ്രശംസനീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിദേശീയ നേതാക്കൾ അടക്കം തരൂരിന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പ്രസ്താവന രാഹുൽ ഗാന്ധിക്ക് കനത്ത അടിയെന്ന് അമിത് മാലവ്യ എക്സിൽ കുറിച്ചു. എന്നാൽ തരൂരിന്റെ പ്രസ്താവനയിൽ കെപിസിസി അധ്യക്ഷൻ സുധാകരനടക്കം പ്രതികരണം ഒഴിവാക്കുകയാണെങ്കിലും പാർട്ടിക്ക് അകത്ത് ഇതിൽ അമർഷമുണ്ട്.