സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂരിലേക്ക്; ജനജീവിതം വിലയിരുത്തും
സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂരിലേക്ക്. സംഘർഷബാധിത മേഖലകളുടെ തൽസ്ഥിതി പരിശോധിക്കാനാണ് സന്ദർശനം. ഈ മാസം 22ന് ജഡ്ജി ബി ആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്,വിക്രം നാഥ്,കെ വി വിശ്വനാഥൻ, എംഎം സുന്ദ്രേഷ്, എൻ കോടീശ്വർ എന്നിവർ ഉൾപ്പെടെ 6 ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂർ സന്ദർശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെയുള്ളവയും സംഘം വിലയിരുത്തും.
മണിപ്പൂരിലെ കലാപബാധിതർക്ക് നൽകേണ്ട സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല ജനങ്ങൾക്ക് നൽകേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും. സുപ്രീംകോടതിയുടെ പരിഗണനയിൽ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഇപ്പോൾ ജഡ്ജിമാരുടെ പ്രത്യേകസംഘം സംസ്ഥാനത്ത് എത്തുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഉണ്ടാകുക.