ഇന്ത്യയിലെ ജനങ്ങൾ നിങ്ങളുടെ ആരോഗ്യത്തിനും ദൗത്യത്തിന്റെ വിജയത്തിനായും പ്രാർത്ഥിക്കുന്നു’; സുനിത വില്യംസിന് പ്രധാനമന്ത്രിയുടെ കത്ത്
ഒൻപത് മാസത്തെ നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിന് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ ദൗത്യത്തിന്റെ വിജയത്തിനും ആരോഗ്യത്തിനുമായി ഇന്ത്യൻ ജനതയുടെ പ്രാർത്ഥനയുണ്ട്. മടക്കയാത്രയ്ക്ക്ശേഷം ഇന്ത്യ സന്ദർശിക്കാൻ എത്തണമെന്നും മോദി കത്തിൽ പറയുന്നു.
“ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ദൗത്യത്തിലെ വിജയത്തിനും വേണ്ടി ഇന്ത്യയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നു,” കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആയിരുന്നു പ്രധാനമന്ത്രിയുടെ കത്ത് എക്‌സിലൂടെ പങ്കുവെച്ചത്.
മിസ് ബോണി പാണ്ഡ്യ നിങ്ങളുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകണം, അച്ഛൻ ദീപക്ഭായിയുടെ അനുഗ്രഹവും നിങ്ങൾക്കൊപ്പമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. 2016-ൽ താൻ നടത്തിയ അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള സന്ദർശന വേളയിൽ നിങ്ങളോടൊപ്പം അദ്ദേഹത്തെ കണ്ടുമുട്ടിയത് ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. നിങ്ങളുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും, മടക്കയാത്രയ്ക്ക് ശേഷം നിങ്ങൾ ഇന്ത്യ സന്ദർശനത്തിനായി എത്തണമെന്നും അതിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരിൽ ഒരാളെ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കത്തിൽ കുറിച്ചു.” സുനിതയുടെ ജീവിതപങ്കാളി മൈക്കല്‍ വില്യംസിനും സുനിതയുടെ ബഹിരാകാശ സഹയാത്രികന്‍ ബാരി വില്‍മോറിനും മോദി ആശംസകള്‍ നേര്‍ന്നു.
അതേസമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ക്രൂ 9 സംഘത്തിന്റെ മടക്കയാത്ര പുരോഗമിക്കുകയാണ്.സുനിത വില്യംസ് അടക്കം നാലംഗ സംഘം സ്പേസ് എക്സിന്റെ
ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.ബുധനാഴ്ച (നാളെ) പുലർച്ചെ മുന്നരയോടെയാണ് പേടകം ഭൂമിയിലെത്തുക.
ബഹിരാകാശ ദൗത്യങ്ങളിൽ വലിയ പരിചയസമ്പത്തുള്ളവരാണ് സുനിത വില്യംസും ബുച്ച് വിൽമോറും. എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർ ലൈനറിൽ കഴിഞ്ഞ ജൂൺ 8ന് ആണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ഭൂമിയിലേക്ക് തിരികെ എത്തുമ്പോൾ ഇരുവരും ചേർന്ന് ഈ ദൗത്യത്തിൽ 12,13,47,491 മൈൽ ദൂരം താണ്ടി കഴിയും.4,576 തവണ ഈ കാലയളവിൽ ഭൂമിയെ വലം വച്ചു. ബഹിരാകാശ നിലയത്തിലെ വാസത്തിനിടെ എട്ടുതവണ മറ്റ് ബഹിരാകാശ ദൗത്യങ്ങൾക്ക് ഇരുവരും സാക്ഷ്യം വഹിച്ചു.
2024ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. 675 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ പെഗ്ഗി വിറ്റ്സൺ മാത്രമാണ് സുനിതയ്ക്ക് മുന്നിലുള്ളത്. ബുച്ച് വിൽമോർ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചു.
ഇത്തവണത്തെ ഒമ്പതുമാസം വേണ്ട ബഹിരാകാശ വാസത്തിനിടെ സുനിത വില്യംസ് രണ്ടുതവണയാണ് ബഹിരാകാശത്ത് നടന്നത്. ഔദ്യോഗിക ജീവിതത്തിൽ ഒമ്പതു തവണയായി 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശത്ത് നടന്ന സുനിത വില്യംസ് പുതിയ റെക്കോർഡും കുറിച്ചു.