പത്താം തവണയും കേസ് മാറ്റിവച്ചു; അബ്ദുള്‍ റഹീമിന്റെ മോചനം വൈകും
സൗദി ജയിലില്‍ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു. റിയാദിലെ നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് പത്താം തവണയാണ് കേസ് മാറ്റിവെയ്ക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30-ന് ഓണ്‍ലൈന്‍ ആയി കേസ് പരിഗണിച്ചപ്പോള്‍ അബ്ദുറഹീമും അഭിഭാഷകനും ഹാജരായിരുന്നു. അബ്ദുറഹീമിന് വേണ്ടി സമര്‍പ്പിച്ച ജാമ്യ ഹരജിയും ഇന്ന് പരിഗണിച്ചില്ല. അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 15 മില്യണ്‍ റിയാല്‍ മോചനദ്രവ്യം സൌദി കുടുംബത്തിന് കൈമാറിയ ശേഷമാണ് അബ്ദുറഹീമിന് മാപ്പ് നല്കിയതും വധശിക്ഷ റദ്ദാക്കിയതും. എന്നാല്‍ ജയില്‍ മോചനം അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ റഹീമിന്റെ അഭിഭാഷകന്‍ റിയാദ് ഗവര്‍ണറെ കണ്ടിരുന്നു. ഗവര്‍ണറേറ്റ് കേസ് ഫയലിന്റെ ഹാര്‍ഡ് കോപ്പി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം റഹീമിന്റെ മോചനം വൈകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നാട്ടിലെ നിയമ സഹായ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 14-ന് ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടുംപരിഗണിക്കും.