KeralaTop News

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതി; ഡോക്ടറെ സംരക്ഷിച്ച് കെ.ജി.എം.ഒ. എ

Spread the love

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണത്തിൽ ഡോക്ടറെ സംരക്ഷിച്ച് കെ.ജി.എം.ഒ. എ. രോഗിയെത്തിയത് ഡോക്ടർ അറിഞ്ഞിരുന്നില്ല. ഡോക്ടറെ മാത്രം ക്രൂശിക്കുന്നത് അംഗീകരിക്കില്ലെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ കെ ജി എം ഒ എ പരസ്യ സംവാദത്തിന് യൂത്ത് ലീഗ് വെല്ലുവിളിച്ചു.

അപകടത്തെ തുടർന്ന് ചികിത്സ തേടി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ചു എന്നതായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ അടക്കം 24 വാർത്ത നൽകി. പരാതി അന്വേഷിച്ച ഡിഎംഒ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറി. ഇപ്പോൾ ഡോക്ടറെ സംരക്ഷിച്ച് രംഗത്ത് വരികയാണ് കേരള ഗവർമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ . രോഗി എത്തിയത് ഡോക്ടർ അറിഞ്ഞിരുന്നില്ല. സ്റ്റാഫ് നേഴ്സ് ഉൾപ്പെടെയുള്ളവർ വിവരം അറിയിച്ചില്ല. ആശുപത്രിയിൽ ട്രയാജ് സംവിധാനം കാര്യക്ഷമമല്ല. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് നികത്താൻ തിരൂരങ്ങാടി മുനിസിപ്പാലിറ്റി തയ്യാറാകണമെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർത്ത കുറിപ്പ് ഇറക്കി.

എന്നാൽ വിഷയത്തിൽ സംവാദത്തിന് വെല്ലുവിളിക്കുകയാണ് യൂത്ത് ലീഗ്. പരിക്കേറ്റ യുവതിയുടെ ഭർത്താവ് ചികിത്സയ്ക്കുവേണ്ടി ഡോക്ടറുടെ മുൻപിൽ കെഞ്ചുന്നത് സിസിടിവിയിൽ ഉണ്ടെന്ന് യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യുഎഇ റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.