KeralaTop News

കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവം; പ്രതി പിടിയിൽ

Spread the love

കോട്ടയം കുറവിലങ്ങാട് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ പ്രതി പിടിയിൽ. ചാലക്കുടിയിൽ ഒളിവിൽ കഴിയവെയാണ് പ്രതി ജിതിനെ മരങ്ങാട്ടുപള്ളി പൊലീസ് പിടികൂടിയത്. കല്ലോലിൽ ജോൺസൺ കെ ജെയെയാണ് കഞ്ചാവ് ലഹരിയിൽ ഇയാൾ കിണറ്റിൽ തള്ളിയിട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. നിരവധി ലഹരി കേസുകളിൽ പ്രതിയാണ് പിടിയിലായ ജിതിൻ.

ഡ്രൈവറായ ജോൺസൺ ജോലികഴിഞ്ഞു വീട്ടിലെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു പോയതായിരുന്നു. പഞ്ചായത്ത് കിണറിനു സമീപമെത്തിയപ്പോഴാണു ജിതിനെ കണ്ടത്. സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നതു കണ്ടു ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ ജിതിൻ, ജോൺസനെ കിണറ്റിലേക്കു തള്ളിയിടുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ കയർ ഉപയോഗിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നു മരങ്ങാട്ടുപള്ളി പൊലീസും പാലായിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വല ഉപയോഗിച്ചാണു ജോൺസനെ രക്ഷിച്ചത്.