Tuesday, March 18, 2025
Latest:
KeralaTop News

ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടു’; കടയ്ക്കൽ ക്ഷേത്രോത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി

Spread the love

കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രോത്സവ പരിപാടിക്കിടെ വിപ്ലവ ഗാനം പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി. അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്ന് വാദിച്ച് ഹർജി നൽകിയത്. സംഗീത പരിപാടിയ്ക്കിടെയായിരുന്നു ‘വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും, കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

അതേസമയം, സംഭവത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും കോടതിയിൽ ഹർജിയുണ്ട്. മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ. കടയ്ക്കൽ ക്ഷേത്രത്തിൽ നടന്നത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹർജിക്കാരൻ വ്യക്തമാക്കുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം ഇതുമായിബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിനു ശേഷം മാത്രമേ കുടുതൽ നടപടിക്ക് സാധ്യതയുള്ളൂ. ക്ഷേത്രത്തിലെ സംഗീത പരിപാടിയില്‍ സിപിഐഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

സിപിഐഎം, ഡിവൈഎഫ്‌ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയത്. ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. നൂറ് പൂക്കളെ, പുഷ്പനെ അറിയാമോ തുടങ്ങിയ ഗാനങ്ങളായിരുന്നു സദസിൽ ആലപിച്ചിരുന്നത്. എന്നാൽ കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നും ഗാനത്തിനിടെ ഡിവൈഎഫ്ഐ പതാക സ്‌ക്രീനിൽ വന്നതിൽ തനിക്ക് പങ്കില്ലെന്നും അലോഷി ട്വൻറി ഫോർ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
തന്നെ പരിപാടി ഏൽപ്പിച്ചിരുന്നത് ക്ഷേത്രകമ്മിറ്റിയല്ല വ്യാപാരികളുടെ സംഘടനയാണെന്നും തന്റെ പരിപാടികളിൽ വിപ്ലവഗാനങ്ങളും ഉൾപ്പെടുമെന്ന് പരിപാടി ഏൽപ്പിച്ചവർക്ക് അറിയാമായിരുന്നുവെന്നും അലോഷി പറഞ്ഞു.