KeralaTop News

നിയമസഭയിൽ ചർച്ചയായി സാമ്പത്തിക തട്ടിപ്പുകൾ; എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

Spread the love

നിയമസഭയിൽ ചർച്ചയായി പാതിവില ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ. 231 കോടി രൂപയുടേതാണ് പാതിവില തട്ടിപ്പെന്നും പ്രമുഖർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി.

മലയാളികൾ ഏറെ കബളിപ്പിക്കപ്പെടുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും ജഡ്ജിമാർ പോലും പറ്റിക്കപ്പെടുന്നെന്ന് സ്പീക്കർ എ എൻ ഷംസീറും പറഞ്ഞു. പാതി വില തട്ടിപ്പ് കേസിൽ 1343 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 665 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ്യത കൂട്ടാൻ ഫീൽഡ് കോ- ഓർഡിനേറ്റർമാരെ നിയമിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തത്തെപ്പറ്റി ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും അദേഹം പറഞ്ഞു.

സീഡ് , എൻജിഒ കോൺഫെഡറേഷൻ എന്നീ സംഘടനകൾ മുഖേനയാണ് തട്ടിപ്പ് നടത്തിയത്. ആനന്ദകുമാർ ചെയർമാനും അനന്തു കൃഷ്ണൻ കോ ഓ ഡിനേറ്ററുമായ സീഡ് സൊസൈറ്റി ആണ് കോൺഫെഡറേഷൻ രൂപീകരിച്ചത്. സി.എസ്.ആർ ഫണ്ടും കേന്ദ്രഫണ്ടും ലഭിക്കുമെന്ന ധാരണ പരത്തിയെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. തട്ടിപ്പുകാരുടെ മോഹന വാഗ്ദാനങ്ങളിൽ വീഴുന്നതാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. തട്ടിപ്പുകാരുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.