KeralaTop News

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കി; നിയമ സാധുതയില്ലെന്ന് ഹൈക്കോടതി

Spread the love

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിൻ്റെ സിംഗിള്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാൽ മനസിരുത്തിയല്ല സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചതെന്നും ഹൈക്കോടതി പറ‍ഞ്ഞു. കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകും എന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു.

നിയമനം റദ്ദാക്കിയതിൽ പ്രതികരിക്കേണ്ടത് സർക്കാർ ആണെന്ന് കമ്മിഷൻ‌ ചെയർമാൻ ജസ്റ്റിസ്‌ രാമചന്ദ്രൻ നായർ പറഞ്ഞു. നിയമിച്ചതും നിയമനത്തെ കോടതിയിൽ ന്യായികരിച്ചതും സർക്കാർ ​ആണെന്നും ജസ്റ്റിസ്‌ രാമചന്ദ്രൻ നായർ പറഞ്ഞു. അതേസമയം സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് തീരുമാനം.

വഖഫ് ഭൂമിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് ജുഡീഷ്യല്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രാഥമിക മറുപടിയും നൽകുകയുണ്ടായിരുന്നു. രാമചന്ദ്രന്‍ നായര്‍ കമ്മിഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ കമ്മിഷന് ഇല്ല. വസ്തുതാ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ മുനമ്പത്ത് നടത്തുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.