Monday, March 17, 2025
Latest:
KeralaTop News

കോഴിക്കോട് അഴുക്കുചാലിൽ വീണ് ഒരാളെ കാണാതായി; തിരച്ചിൽ തുടരുന്നു

Spread the love

കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ അഴുക്കുചാലിൽ വീണ് ഒരാളെ കാണാതായി. കോവൂർ സ്വദേശി ശശിയെയാണ് കാണാതായത്. ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തുന്നു.ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കോഴിക്കോട് അതിശക്തമായ മഴയായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെയാണ് 56കാരനെ അഴുക്കുചാലിൽ വീണ് കാണാതായത്.

എംഎൽഎ റോഡിലെ ഒരു ബസ് സ്‌റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശി. ഇതിനിടെ ഇയാൾ ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇവരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചത്. ശശിക്കായുള്ള തിരച്ചിൽ മൂന്ന് മണിക്കൂർ പിന്നിട്ടു. ഒരു കിലോമീറ്റർ ദൂരം ഓടയിലൂടെ നടന്ന് ഫയർഫോഴ്‌സ് അംഗങ്ങൾ പരിശോധന നടത്തുകയാണ്. ശക്തമായ ഒഴുക്കാണ് ഓടയിൽ അനുഭവപ്പെട്ടിരുന്നത്.

ശക്തമായ മഴയിൽ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയായിരുന്നു. കൂടാതെ ഓടക്ക് മൂടി ഉണ്ടായിരുന്നില്ല. നേരിയ മഴ പ്രദേശത്ത് നിലവിൽ അനുഭപ്പെടുന്നുണ്ട്. ഓടയുടെ കൈവരികളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുന്നുണ്ട്. ഇടിമിന്നലോട് കൂടിയ മഴയായിരുന്നുവെന്നും ഓട നിറഞ്ഞ് ഒഴുകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നിലവിൽ ഓടയിലെ വെള്ളം കുറഞ്ഞിട്ടുണ്ട്.