ട്രംപ് ധീരനെന്ന് പ്രധാനമന്ത്രി മോദി; ‘കരുത്ത് ഇന്ത്യയിലെ ജനം, ചെറുപ്പത്തിൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്‌ടനായി’
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്‌കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളം മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തൻ്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡൻ്റിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി. ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധൻ്റെയും മണ്ണായതിനാലാണ്. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് താൻ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു. ആർഎസ്എസിനെയും മൂന്നര മണിക്കൂറിലേറെ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി പുകഴ്ത്തി.
വിമർശനം ജനാധിപത്യത്തിന്റെ കാതലാണെന്നാണ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. എല്ലാ വിമർശനങ്ങളെയും താൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് തന്റെ കരുത്ത്. സമാധാന ശ്രമങ്ങൾക്കുള്ള അവസരം ഉത്തരവാദിത്തത്തോടെയും, സന്തോഷത്തോടെയും ഏറ്റെടുക്കും. മാധ്യമങ്ങളുടെ വിലയിരുത്തലുകളാണ് പലപ്പോഴും ജനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനം നേരിട്ട് കാര്യങ്ങൾ മനസിലാക്കുന്നില്ല. മൂന്നാം കക്ഷിയുടെ ഇടപെടലാണ് പലപ്പോഴും കാര്യങ്ങൾ പ്രശ്നമുള്ളതാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗാന്ധിയിൽ ആകൃഷ്‌ടനായി നിരാഹാരം
കുട്ടിക്കാലത്ത് ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ആദ്യമായി താൻ നിരാഹാരം അനുഷ്ഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം കേവലം ഭക്ഷണം ഒഴിവാക്കുന്നതിനപ്പുറം നിരാഹാരത്തിന് പ്രത്യേകതകളുണ്ടെന്ന് മനസിലാക്കി. ഇതിന് ശേഷം പല പരീക്ഷണങ്ങളിലൂടെ തന്റെ ശരീരത്തെയും മനസിനെയും താൻ ശുദ്ധീകരിച്ചു. ജൂൺ മാസം പകുതി മുതൽ നവംബർ ദീപാവലി വരെ നാലര മാസത്തോളം താൻ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വൃതം നോൽക്കാറുണ്ട്. ഇത് പൗരാണിക കാലം തൊട്ട് ഇന്ത്യയിൽ ജനങ്ങൾ പാലിക്കുന്ന ശീലമാണെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു.
മഹാത്മാഗാന്ധിയെ ഒരിക്കലും താനുമായി താരതമ്യപ്പെടുത്താനാകില്ലെന്നും മോദി പറഞ്ഞു. മഹാത്മാ ഗാന്ധി 20ാം നൂറ്റാണ്ടിലെയും മോദി 21ാം നൂറ്റാണ്ടിലെയും പ്രധാന നേതാവാണെന്ന പ്രസ്താവനയോടായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇനിയുള്ള നൂറ്റാണ്ടുകളിലും ഗാന്ധിജിയുടെ മഹിമ നിലനിൽക്കും. ഗാന്ധിജിയിലൂടെ രാജ്യത്തെയും എന്നും ലോകമോർക്കും. താൻ രാജ്യത്തിന്റെ മഹത്വത്തിന് മുന്നിൽ ഒന്നുമല്ലെന്നും മോദി പറഞ്ഞു.
ട്രംപ് അസാമാന്യ ധീരൻ
ഡോണൾഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്. പരസ്പര വിശ്വാസവും, സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതൽ തനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാർഢ്യം ട്രംപിൽ കണ്ടു. ഇന്ത്യ ആദ്യം എന്ന തൻ്റെ മുദ്രാവാക്യം പോലെയാണ് ട്രംപിൻ്റെ അമേരിക്ക ആദ്യം എന്ന നയമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രസിഡൻ്റ് പദവിയിൽ അല്ലാതിരുന്ന കാലത്തും മോദി നല്ല സുഹൃത്തെന്നാണ് ട്രംപ് പറഞ്ഞത്. പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമിൽ കാണുന്നത്. അദ്ദേഹത്തിനിപ്പോൾ കൃത്യമായ പദ്ധതികളുണ്ട്. താൻ ഒരു കർക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിൻ്റെ പരാമർശത്തോട് പ്രതികരിക്കുന്നില്ല. തൻ്റെ രാജ്യത്തിൻ്റെ താത്പര്യമാണ് ട്രംപിന് മുന്നിൽ അവതരിപ്പിച്ചത്. ഏത് വേദിയിലും രാജ്യതാത്പര്യമാണ് താൻ മുന്നോട്ട് വെക്കുന്നത്. ആ ഉത്തരവാദിത്തമാണ് ജനം തന്നെ ഏൽപ്പിച്ചത്. തൻ്റെ രാജ്യമാണ് തൻ്റെ ഹൈക്കമാൻഡ്.
ചൈനയുമായി സൗഹൃദം
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും. ഭാവിയിലും ആ ബന്ധം വളരും. അതിർത്തി രാജ്യങ്ങളാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. നമ്മുടെയെല്ലാം വീടുകൾ പെർഫെക്ടാണോ? അഭിപ്രായ വ്യത്യാസം വലിയ കലഹത്തിലേക്ക് വഴി മാറരുതെന്നാണ് ആഗ്രഹം. ഇരു രാജ്യങ്ങളുടെയും താൽപര്യം പരസ്പരം പരിഗണിച്ച് ചർച്ചകളിലൂടെ സുസ്ഥിര ബന്ധത്തിന് ശ്രമിക്കുകയാണ്. അതിർത്തിയിൽ തർക്കമുണ്ടായെന്നത് ശരിയാണ്. 2020 ലെ അതിർത്തി സംഘർഷം സംഭവങ്ങൾ ഇരു രാജ്യങ്ങളുടെയും സമ്മർദ്ദം കൂട്ടി. ഷീജിൻപിംഗുമായുള്ള തൻ്റെ കൂടിക്കാഴ്ചക്ക് ശേഷം അതിർത്തി ശാന്തമായി. 2020 ന് മുൻപത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മടങ്ങുകയാണെന്നും മോദി പറഞ്ഞു.
ആർഎസ്എസിനെ കുറിച്ച്
ആർഎസ്എസിനെ പോലൊരു സംഘടന ലോകത്ത് മറ്റെവിടെയും കാണില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ജീവിതത്തിന്റെ യഥാർത്ഥ ലക്ഷത്തിലേക്ക് ആർഎസ്എസ് വഴികാട്ടുന്നു. ആർഎസ്എസിനെ മനസിലാക്കുക എളുപ്പമല്ല. ലക്ഷക്കണക്കിന് പേർ ആർഎസ്എസിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. വേദത്തിൽ പറയുന്നതും, സ്വാമി വിവേകാനന്ദൻ പറഞ്ഞതുമാണ് ആർഎസ്എസ് പറയുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. ആർഎസ്എസിന്റെ വിവിധ പോഷക സംഘടനകളെയും പദ്ധതികളെയും മോദി പുകഴ്ത്തി. ഇത്രയും പവിത്രമായ ഒരു സംഘടനയിൽ പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമാണ്. ജീവതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞത് ആർഎസ്എസിലൂടെയാണ്.
ഗുജറാത്ത് ശാന്തമായി
ഗുജറാത്ത് കലാപത്തിൽ തന്നെ കരുവാക്കാൻ രാഷ്ട്രീയ എതിരാളികൾ എല്ലാ ആയുധവും പ്രയോഗിച്ചുവെന്ന് മോദി പറഞ്ഞു. എന്നാൽ അത്തരം നീച ശ്രമങ്ങളെല്ലാം കോടതികൾ തള്ളിക്കളഞ്ഞു. 2 തവണ ആഴത്തിൽ പരിശോധിച്ച ശേഷമാണ് കോടതി താൻ നിരപരാധിയാണെന്ന് വിധിച്ചത്. 2002 ന് ശേഷം ഈ 23 വർഷത്തിനിടെ അവിടെ ഒരു ചെറിയ കലാപം പോലും ഉണ്ടായിട്ടില്ല. ഗുജറാത്ത് ശാന്തമായി. എല്ലാവർക്കുമൊപ്പം എന്ന മന്ത്രം ഗുജറാത്തിനെ വികസനത്തിലെത്തിച്ചു.