മഞ്ചേരിയില്‍ ആഭരണ വില്‍പ്പനക്കാരെ ആക്രമിച്ച് 117 പവന് സ്വര്‍ണം കവര്‍ന്ന കേസ് : ജ്വല്ലറി ജീവനക്കാരന് ഉള്‍പ്പടെ 3 പേര് പിടിയില്‍
മഞ്ചേരി കാട്ടുങ്ങലില്‍ ആഭരണ വില്‍പ്പനക്കാരെ ആക്രമിച്ച് 117 പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍. ജ്വല്ലറി ജീവനക്കാരന് ഉള്‍പ്പടെ രണ്ട് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമതൊരാള്‍ കസ്റ്റഡിയിലാണ്.
സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനമായ നിഖില ബാങ്കിള്‍സിലെ ജീവനക്കാരനായിരുന്നു കേസിലെ മുഖ്യപ്രതി സിവേഷ്. മുന്‍പ് പല കേസിലും പ്രതിയായ ഇയാള്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഇവിടെ ജോലിക്ക് കയറിയത്. മഞ്ചേരി ഭാഗത്തെ കടകളില്‍ മോഡലുകള്‍ കാണിച്ച് കൊടുത്ത് വില്‍പ്പന നടത്തി ബാക്കിയുള്ള 117 പവനോളം സ്വര്‍ണ്ണാഭരണങ്ങളുമായി തിരിച്ച് സ്കൂട്ടറില്‍ മലപ്പുറത്തുള്ള കടയിലേക്ക് തിരികെ വരുന്ന സമയത്തായിരുന്നു സ്വര്‍ണ്ണം കവര്‍ന്നത്. സിവേഷിന്റെ തന്നെ ആസൂത്രണത്തില്‍ ആയിരുന്നു ഈ ശ്രമമെന്നാണ് പൊലീസ് പറയുന്നത്.
കാട്ടുങ്ങലില്‍ എത്തിയതോടെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് സ്കൂട്ടര്‍ നിര്‍ത്തി. അവിടേക്ക് എത്തിയ മറ്റു പ്രതികള്‍ സ്കൂട്ടര്‍ മറിച്ചിട്ട് സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു യുവാവിന്റെ ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ നിര്‍ണായകമായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ വാഹനം പിന്തുടര്‍ന്ന യുവാവ് നമ്പര്‍ പ്ലേറ്റ് അടക്കം ഫോട്ടോയെടുത്ത് പൊലീസിന് കൈമാറി. തുടര്‍ന്ന് വളരെ വേഗത്തില്‍ പൊലീസ് പ്രതികളെ കണ്ടെത്തി. സിവേഷിനും സഹോദരനും ബെന്‍സുവിനു ഒപ്പം കവര്‍ച്ചയില്‍ പങ്കെടുത്ത മൂന്നാമതൊരാളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണം പ്രതികളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി.