KeralaTop News

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലാബിൽ നിന്നും ശരീര സാമ്പിൾ കൈക്കലാക്കിയ സംഭവം; ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പൊലീസ്

Spread the love

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബിൽ നിന്നും ശരീര സാമ്പിൾ കൈക്കലാക്കിയ സംഭവത്തിൽ ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശ് സ്വദേശി ഈശ്വർ ചന്ദിനെതിരെ (25)യാണ് കേസെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. മോഷണക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

ശസ്ത്രക്രിയയിലൂടെ എടുത്ത സാമ്പിളുകള്‍ എങ്ങനെ പുറത്തുപോയി എന്നും ആക്രിക്കച്ചവടക്കാരന് എങ്ങനെ ലഭിച്ചു എന്നുമുള്ള വിശദീകരണങ്ങള്‍ ആശുപത്രി അധികൃതര്‍ അന്വേഷിച്ചുവരികയാണ്. പതിനേഴ് സാമ്പിളുകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും കാണാതായത്.

ആംബുലന്‍സില്‍ ഡ്രൈവറിന്റെയും അറ്റന്‍ഡറുടെയും മേല്‍നോട്ടത്തിലാണ് സാമ്പിളുകള്‍ ലാബുകളിലേക്ക് കൊടുത്തുവിടുന്നത്. ഇങ്ങനെ കൊടുത്തുവിട്ട 17 സാമ്പിളുകള്‍ കാണുന്നില്ലെന്നു കണ്ടതോടെ ജീവനക്കാര്‍ പരിഭ്രാന്തിയിലായി. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഒരു ആക്രി കച്ചവടക്കാരന്‍ പിടിയിലായത്. ആക്രിയാണെന്ന് കരുതി ഇത് എടുത്തതെന്നാണ് മൊഴി. എവിടെ നിന്നാണ് ഇയാള്‍ക്ക് ഈ സാമ്പിളുകള്‍ സൂക്ഷിച്ച കാരിയര്‍ ലഭിച്ചതെന്ന് വ്യക്തമല്ല. സാമ്പിള്‍ കൊടുത്തുവിട്ട അറ്റന്‍ഡറോ ഡ്രൈവറോ സാമ്പിളുകള്‍ വെച്ച കാരിയര്‍ അലക്ഷ്യമായി സ്റ്റെയര്‍ കേയ്സില്‍ വെച്ച സാമ്പിളുകള്‍ ആക്രിയാണെന്ന് കരുതി എടുത്തതാവാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.