കരുവന്നൂര്‍ കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സയച്ച് ഇഡി; തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശം
കരുവന്നൂര്‍ കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സയച്ച് ഇഡി. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. പാര്‍ലമെന്റ് സമ്മേളിച്ചിരിക്കുന്നതിനാല്‍ ആണ് ഡല്‍ഹിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
കെ രാധാകൃഷ്ണന്‍ എംപിയെ ചോദ്യം ചെയ്യുന്നതിലെ കാലതാമസം മൂലം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പ്രതിസന്ധിയുണ്ട്. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷം ഹാജരാകാം എന്നാണ് കെ രാധാകൃഷ്ണന്‍ അറിയിച്ചത്. സമ്മേളനം തീരാന്‍ ഏപ്രില്‍ ആദ്യവാരം ആകും എന്നതിനാല്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ അന്വേഷണ ചുമതലയുണ്ടായിരുന്ന യൂണിറ്റില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ മാറ്റി. നിലവില്‍ തമിഴ്‌നാട്ടില്‍ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായര്‍ക്കാണ് പകരം ചുമതല.
അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്കാണ് പി രാധാകൃഷ്ണനെ മാറ്റിയത്. മാറ്റിയതിന്റെ കാരണം വ്യക്തമല്ല. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡി അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതില്‍ ആരോപണ വിധേയനാണ് പി രാധാകൃഷ്ണന്‍. ഇഡി കൊച്ചി യൂണിറ്റിന്റെ പുതിയ അഡീഷണല്‍ ഡയറക്ടറായി രാകേഷ് കുമാര്‍ സുമന്‍ ഐഎഎസ് ഈ മാസം 20ന് ചുമതലയേല്‍ക്കും.