KeralaTop News

കണ്ണൂർ ക്ഷേത്രോത്സവത്തിലെ താലപ്പൊലിയിൽ രാഷ്ട്രീയ പ്രചാരണവുമായി സിപിഐഎമ്മും ആർഎസ്എസും

Spread the love

കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ വീണ്ടും രാഷ്ട്രീയക്കളി. ഉത്സവത്തിനിടെ രാഷ്ട്രീയ പ്രചാരണവുമായി സിപിഐഎമ്മും, ആർ എസ് എസും. കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കതിരൂര്‍ പുല്യോട് ശ്രീകൂറുമ്പ കാവില്‍ ക്ഷേത്രോത്സവത്തിലെ താലപ്പൊലിയില്‍ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികള്‍ ഉപയോഗിച്ചതാണ് വിവാദത്തിലായത്.

ചെഗുവേരയുടെ ചിത്രം പതിച്ച കൊടിയും വിപ്ലവ ഗാനവും മുദ്രാവാക്യവും കാവിക്കൊടികളും വിവിധ സംഘങ്ങള്‍ ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലശം വരവിലാണ് സംഭവം. സമൂഹ മാധ്യമങ്ങളിലും ഇരു വിഭാഗങ്ങളുടെയും പ്രകോപനം നടന്നു. മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം കലശം വരവിനിടെ ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

നേരത്തെ കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ ഉത്സവപരിപാടിക്കിടെ വിപ്ലവ ​ഗാനം പാടിയത് വിവാദമായിരുന്നു. ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയത്തിൽ ​ഗായകൻ അലോഷി അവതരിപ്പിച്ച സം​ഗീത പരിപാടിയിലായിരുന്നു വിപ്ലവ​ ​ഗാനം ആലപിച്ചത്. പ്രചരണ ഗാനങ്ങൾക്കൊപ്പം സ്റ്റേജിലെ എൽഇഡി വാളിൽ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.