KeralaTop News

കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി; 18 തെങ്ങിന്റെ മണ്ട വെട്ടി കർഷകൻ

Spread the love

കോഴിക്കോട് വിലങ്ങാട് വാനരശല്യത്തിൽ പൊറുതിമുട്ടി കർഷകൻ. കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പറമ്പിലെ 18 തെങ്ങുകളുടെ മണ്ട വെട്ടിയിരിക്കുകയാണ് വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി. കുരങ്ങുശല്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സഹായം ലഭിച്ചില്ലെന്ന് ജോഷി പരാതിപ്പെട്ടു. മികച്ച വിളവ് ലഭിച്ചിരുന്ന തെങ്ങുകളാണ് ഒടുവിൽ വെട്ടിക്കളയേണ്ടി വന്നത്.

കുറച്ച് നാളായി വീട്ടിലെ ആവശ്യങ്ങൾക്ക് പോലും തേങ്ങ ലഭിക്കാറില്ലെന്ന് ജോഷി പറയുന്നു. ഇരുന്നൂറോളം കുരങ്ങന്മാരാണ് കാട് വിട്ട് നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്നത്. കരിക്ക് മൂപ്പെത്തും മുമ്പേ കുരങ്ങന്മാർ പറിച്ചെടുക്കും. ആളുകളെ കണ്ടാൽ അവർക്ക് നേരെ തേങ്ങ എറിയുന്നതും പതിവാണ്.

അധികൃതർക്ക് പല തവണ പരാതി നൽകിയെങ്കിലും വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ല. ഇതോടെയാണ് പരിപാലിച്ച് വലുതാക്കിയ തെങ്ങുകൾ അതേ കൈകൊണ്ട് തന്നെ വെട്ടി നിരത്താൻ ജോഷി നിർബന്ധിതനായത്. പറമ്പിൽ ഇനി അവശേഷിക്കുന്നത് നാല് തെങ്ങുകൾ മാത്രം. വന്യമൃ​ഗം ശല്യം കാരണം കൃഷി പൂർണമായും ഉപേക്ഷിക്കാൻ ഒരുങ്ങുന്നവരുമുണ്ട് പ്രദേശത്ത്.