പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ കേസ്; അന്വേഷണം വ്യാപിപ്പിക്കും, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊച്ചി കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റിനു സാധ്യത. പൂർവവിദ്യാർത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് ആരംഭിക്കും.
പണം നൽകി പ്രാദേശിക ലഹരി മാഫിയ സംഘങ്ങളിൽ നിന്നും വാങ്ങിയ കഞ്ചാവ് എന്ന് വിവരം. 500 – മുതൽ 2000 വരെ വിദ്യാർത്ഥികളിൽ നിന്നും പിരിച്ചു. ആകാശിന്റെ ഫോൺ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. ആകാശിന്റെ മുറിയിൽ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും.റെയ്‌ഡ് നടക്കുമ്പോൾ ഇവർ മുറിയിൽ ഉണ്ടായിരുന്നില്ല. തെളിവ് ലഭിച്ചാൽ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
കേസിൽ ആകാശിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മൂന്ന് ദിവസം മുൻപാണ് ഹോസ്റ്റലിലെ പിരിവിനെക്കുറിച്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. ഒരാഴ്ചയോളും നീരീക്ഷിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയത്. ആരോപണ വിധേയരായ കെഎസ്‌യു പ്രവർത്തകരുടെ മൊഴി എടുത്ത് വിട്ടയച്ചു.
സംഭവത്തിൽ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ.