KeralaTop News

ഹൃദയ ധമനിയിൽ ബ്ലോക്ക്; കെ എൻ ആനന്ദകുമാറിന് അടിയന്തര ശസ്ത്രക്രിയ

Spread the love

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിന് അടിയന്തര ശസ്ത്രക്രിയ.ഹൃദയ ധമനിയിൽ ബ്ലോക്ക് കണ്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ആനന്ദകുമാർ ചികിത്സയിലുള്ളത്.

കേസിൽ അറസ്റ്റിലായതിന് ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആനന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഹൃദയ ധമനിയിൽ ബ്ലോക്ക് കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ആനന്ദകുമാര്‍ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ല എൻ ജി ഒ കോൺഫെഡറേഷന്‍റെ ചെയർമാൻ എന്ന നിലയിലാണ് പ്രവർത്തിച്ചത്, ട്രസ്റ്റിലേക്ക് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് പണം എത്തിയിട്ടില്ലെന്നും ആനന്ദകുമാര്‍ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ കോടതി ഇതുവരെ നിലപാട് സ്വീകരിക്കാതെ ക്രൈം ബ്രാഞ്ചിന് നോട്ടീസ് അയക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മറുപടി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക.

കഴിഞ്ഞ ദിവസമായിരുന്നു പാതിവില തട്ടിപ്പ് കേസില്‍ ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം കേസുകളിൽ കൂടി ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അതേസമയം, തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.