പാഴ്‌സലില്‍ ഗ്രേവി കുറഞ്ഞു; ചട്ടുകം കൊണ്ട് ഹോട്ടലുടമയുടെ തലയ്ക്കടിച്ച് യുവാക്കള്‍
പാര്‍സലില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ ഹോട്ടല്‍ ഉടമയെ ക്രൂരമായി ആക്രമിച്ച് യുവാക്കള്‍. ആലപ്പുഴയിലെ താമരക്കുളത്താണ് സംഭവം. പൊറോട്ടയും ബീഫും വാങ്ങിയതിന് ഒപ്പം നല്‍കിയ പാര്‍സലില്‍ ഗ്രേവിയുടെ അളവ് കുറവെന്ന് പറഞ്ഞ് യുവാക്കള്‍ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമ മുഹമ്മദ് ഉവൈസിനാണ് പരുക്കേറ്റത്. മൂന്നുപേരാണ് ആക്രമണം നടത്തിയത്.
ഇന്നലെ വൈകീട്ടോടെയാണ് താമരക്കുളം ജംഗ്ഷന് സമീപത്തുള്ള ഹോട്ടലില്‍ യുവാക്കളും ഹോട്ടലുടമയും ഏറ്റുമുട്ടിയത്. ബുഖാരി എന്ന ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. തങ്ങള്‍ 12 പൊറോട്ട വാങ്ങിയെന്ന് അറിഞ്ഞിട്ടും അതിന് അനുസരിച്ചുള്ള ഗ്രേവി നല്‍കിയില്ലെന്ന് പറഞ്ഞാണ് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരോട് തട്ടിക്കയറിയത്. പിന്നീട് ഹോട്ടല്‍ ഉടമയും യുവാക്കളും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇതിനിടെ അക്കൂട്ടത്തില്‍ ഒരു യുവാവ് ചട്ടുകവുമായെത്തി ഉവൈസിനെ ആക്രമിക്കുകയായിരുന്നു.
ഉവൈസിന്റെ സഹോദരന്‍ മുഹമ്മദ് നൗഷാട്, ഭാര്യാമാതാവ് റെജില എന്നിവര്‍ക്കും പരുക്കേറ്റു. ഉവൈസിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.