KeralaTop News

കേരളത്തിലെ മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും വിപണനവുമായി CPIM പ്രവർത്തകർക്ക് വ്യക്തമായ ബന്ധം’; വി മുരളീധരൻ

Spread the love

കേരളത്തിലെ മയക്കുമരുന്നിന്റെയും അതുപോലെയുള്ള വസ്തുക്കളുടെയും വിപണനവുമായി സിപിഐഎം പ്രവർത്തകർക്ക് വ്യക്തമായ ബന്ധമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഐഎം പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ കഴിയുന്നില്ല. നടപടിയെടുത്താൽ മുകളിൽ നിന്നും വിളിവരും. ലാത്തിയും തോക്കും കൊണ്ട് കാവൽ നിന്നാൽ പ്രതിഷേധം അവസാനിക്കും എന്ന് പിണറായി വിജയൻ കരുതേണ്ടെന്നും വി മുരളീധരൻ വിമർശിച്ചു.

ഗാന്ധിജിയുടെ പിന്തുടർച്ചക്കാർ ആയതിനാൽ മാത്രം ആ ഗുണം കിട്ടണമെന്നില്ല. തുഷാർ ഗാന്ധി കോൺഗ്രസ് ടിക്കറ്റിനായി ആഗ്രഹിക്കുന്നയാളാണ്. തങ്ങളാരും തുഷാർ ഗാന്ധിയെ സ്റ്റേജിൽ കയറി ആക്രമിച്ചിട്ടില്ല. സിപിഐഎം രീതിയിലായിരുന്നെങ്കിൽ സ്റ്റേജിൽ കയറി ആക്രമിക്കേണ്ടതായിരുന്നു. തുഷാർ ഗാന്ധി ഗാന്ധിജിയെ വിറ്റ് കാശാക്കാൻ ശ്രമിക്കുന്ന വ്യക്തിയെന്നും വി മുരളീധരൻ വ്യക്തമാക്കി.

തുഷാർ ഗാന്ധിക്ക് ആർ എസ് എസ് എസിനെ അവഹേളിക്കാമെങ്കിൽ, വിയോജിപ്പ് രേഖപ്പെടുത്താൻ ആർ എസ് എസിനും അവകാശമുണ്ട്. ഈ രാജ്യത്ത് ആദ്യമായി അല്ല വേദിയിൽ പ്രതിഷേധം നടക്കുന്നത്. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇർഫാൻ ഹബീബ് ആക്രമിച്ചത് ആരും മറന്നിട്ടില്ല. വിയോജിപ്പുകളോട് അനുകൂല നിലപാടായിരുന്നു ഗാന്ധിജിക്ക് എന്നാൽ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യിച്ചതിലൂടെ ഗാന്ധിജിയുടെ നിലപാടല്ല തനിക്ക് എന്ന് തുഷാർ ഗാന്ധി തെളിയിച്ചുവെന്നും വി മുരളീധരൻ വിമർശിച്ചു.