KeralaTop News

എക്‌സൈസിന് മുന്നില്‍ പിടിച്ച കൊടിയോ സംഘടനയോ വിഷയമല്ല, ശക്തമായ നടപടിയുണ്ടാകും’ ; എം ബി രാജേഷ്

Spread the love

കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സര്‍ക്കാന്റെയും എക്‌സൈസിന്റെയും മുന്നില്‍ വിഷയമേയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുന്നത്. അരാജക പ്രവണത ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരിലുമുണ്ടാകാം. ഏതെങ്കിലും സംഘടനയില്‍ ഉള്‍പ്പെട്ടവരുണ്ടോ, ഏതെങ്കിലും കൊടി പിടിച്ചവരുണ്ടോ എന്നതൊന്നും വിഷയമല്ല. ഒരു തരത്തിലുള്ള ഇളവും ഉണ്ടാവില്ല. ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്യുക തന്നെ ചെയ്യും – അദ്ദേഹം വ്യക്തമാക്കി

ലഹരി ഇടപാടുകള്‍ സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിരുന്നെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഐജു തോമസ് പറഞ്ഞു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കോളജിന് വീഴ്ച സംഭവിച്ചിട്ടില്ല. ആഘോഷങ്ങള്‍ മുന്‍പ് പൊലീസില്‍ കൃത്യമായി വിവരങ്ങള്‍ അറിയിക്കാറുണ്ട്. സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും – അദ്ദേഹം വ്യക്തമാക്കി.

ഏഴ് മണിക്കൂര്‍ നീണ്ട പൊലീസ് പരിശോധനയില്‍ രണ്ട് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. എസ്എഫ്‌ഐ പാനലില്‍ ജയിച്ച കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍, ആകാശ് എന്നീ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ അഭിരാജിനെയും ആദിത്യനേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ലഹരിമാഫിയയുമായി ബന്ധമില്ലെന്ന് അഭിരാജും ആദിത്യനും പ്രതികരിച്ചു.

ഹോളി ആഘോഷിക്കാന്‍ കഞ്ചാവിനായി ഹോസ്റ്റലില്‍ പണം പിരിച്ചെന്നാണ് വിവരം. കഞ്ചാവ് ആവശ്യമുള്ളവരില്‍ നിന്നാണ് പണം പിരിച്ചത്. ഈ പണം ഉപയോഗിച്ചാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്. ഹസ്യന്വേഷണ വിഭാഗത്തിന് പണ പിരിവിന്റെ വിരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് വില്‍പനയ്ക്ക് സൂക്ഷിച്ചിരുുന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് അളക്കാനുള്ള ഇലക്ട്രിക് ത്രാസും കണ്ടെടുത്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്നും ഡെപ്യൂട്ടി കമ്മീഷണര്‍ എസ് മഹേഷ് പറഞ്ഞു.

സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോളജിലേക്ക് പ്രതിഷേധം നടത്തി. രാഷ്ട്രീയത്തിന് അതീതമായ നടപടി വേണമെന്ന് KSU ആവശ്യപ്പെട്ടു.