തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; RSS – BJP പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് തുഷാർ ഗാന്ധിയെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ തടഞ്ഞത്. കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.
സംഘപരിവാർ രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയെന്ന തുഷാർ ഗാന്ധിയുടെ പ്രസംഗത്തിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തുഷാർ ഗാന്ധി. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേരളത്തിൽ എത്തുന്ന ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ പൈതൃകത്തെ ബിജെപിയും ആർഎസ്എസും അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. തുഷാർ ഗാന്ധിയെ തടഞ്ഞ നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. എന്നാൽ ഗാന്ധിയുടെ പേരുള്ള എല്ലാവരെയും മഹാത്മാക്കളായി കാണാൻ കഴിയില്ലെന്നാണ് ബിജെപി നേതാക്കളുടെ നിലപാട്.