മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുപ്പിൽ ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുൻപാകെ ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവയ്‌ക്കേണ്ടതില്ലെന്നും ആദ്യ ഘട്ടത്തില്‍ 430 കുടുംബങ്ങള്‍ക്കായാണ് പുനരധിവാസ പദ്ധതി നടപ്പാക്കേണ്ടതെന്നും സർക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു
ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകും. ഈ സാഹചര്യത്തില്‍ എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ ഒരുമിച്ച് ഏറ്റെടുക്കേണ്ടതില്ല. ദുരന്തബാധിതരില്‍ പലരും 15 ലക്ഷം രൂപ നഷ്ടപരിഹാരം മതിയെന്ന നിലപാടാണ് എടുത്തത്. എന്നാൽ നഷ്ടപരിഹാര ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
അതേസമയം, ചൂരൽമല ടൗൺ റീ ഡിസൈൻ ചെയ്യുമെന്നും ഇപ്പോൾ പുറത്ത് വന്നത് വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസമാണെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്തബാധിതർക്ക് 7 സെന്റ് വീതം ഭൂമി എന്നാണ് നിലവിലെ തീരുമാനം. ചൂരൽമലയിൽ നിന്ന് 120 കോടി രൂപ ചിലവിൽ 8 റോഡുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസത്തിന് ലിസ്റ്റ് ഉണ്ടാക്കിയത് മന്ത്രിമാരോ മന്ത്രിസഭയോ അല്ലെന്നും പഞ്ചായത്തുകാരാണ് എന്ന തരത്തിൽ താൻ പറഞ്ഞിട്ടില്ലെന്നും പട്ടിക തയ്യാറാക്കൽ DDMA യുടെ ഉത്തരവാദിത്വമാണ് അതിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സർക്കാർ ഇടപെടും എന്നാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഗവൺമെൻറ്റിന്റെ കേരളത്തോടുള്ള ക്രൂരത ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. L3 കാറ്റഗറിയിൽ ദുരന്തത്തെപ്പെടുത്തി എന്നത് ഒഴിച്ചാൽ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അഞ്ചുമാസം എടുത്താണ് കേന്ദ്രം L3 കാറ്റഗറിയിൽ ദുരന്തത്തെ ഉൾപ്പെടുത്തിയത്. ഇത് മൂലം അന്താരാഷ്ട്ര സഹായങ്ങൾ പോലും വയനാടിന് ലഭിച്ചില്ലെന്ന് മന്ത്രി കെ രാജൻ കുറ്റപ്പെടുത്തി.