മുണ്ടക്കൈ-ചൂരൽ മല ദുരന്തം; അതീവ അപകട സാധ്യതയുള്ള സ്ഥലത്തേക്ക് തിരിച്ചു പോകേണ്ടി വരുമോയെന്ന ആശങ്കയിൽ കുടുംബങ്ങൾ
കൽപ്പറ്റ: മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും അതീവ അപകട സാധ്യതയുള്ള സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുമോ എന്ന കടുത്ത ആശങ്കയിൽ കുടുംബങ്ങൾ. ഗോ- നോ ഗോ സോൺ മേഖല അടിസ്ഥാനമാക്കി മൂന്നാംഘട്ട പുനരധിവാസ കരട് പട്ടിക തയ്യാറാക്കിയപ്പോൾ പലരും പട്ടികയിൽ നിന്നും പുറത്തായി. ചില സ്ഥലത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന വീടുകളിൽ ഒന്ന് പട്ടികയിലും മറ്റൊന്ന് പട്ടികക്ക് പുറത്തുമാണ്. ഇന്നലത്തെ സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങൾ.
ഉരുള്‍ പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തായിരുന്നു അഫ്രീന റഷീദിന്റെ വീട്. ആ വീട് പക്ഷെ രണ്ടാം ഘട്ട കരട് ബി പട്ടികയിലില്ല. ഒരുതരത്തിലും വാസയോഗ്യമല്ലാത്ത സ്ഥലത്ത് തകരാതെ നില്‍ക്കുന്ന ആറു വീടുകൾ സര്‍ക്കാര്‍ കണ്ണില്‍ പക്ഷെ എല്ലാ ലിസ്റ്റുകളുടേയും പുറത്താണ്. ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുണ്ടക്കൈ ചൂരല്‍ മല പ്രദേശത്തെ വാസയോഗ്യമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്ന ഗോ സോണ്‍- നോ ഗോ മേഖലകളാക്കി അതിരിട്ടത്. വീതി കൂടി ഒഴുകിയ പുഴയുടെ അതിരുകള്‍ അടിസ്ഥാനമാക്കി മീറ്ററുകള്‍ നിശ്ചയിച്ച് കല്ലുകള്‍ സ്ഥാപിച്ച് സോണുകളാക്കി തരം തിരിച്ചപ്പോള്‍ ചില പ്രദേശങ്ങളിലെ കുടുംബങ്ങള്‍ പുനരധിവാസത്തിനുള്ള പട്ടികയില്‍ നിന്നും പുറംതള്ളപ്പെട്ടു. അത്തരത്തില്‍ ഒരിടമാണ് പടവെട്ടിക്കുന്ന്. എല്ലാം തച്ചുടച്ചു കളഞ്ഞ ഉരുളിനെ തൊട്ടരികെ നിന്ന് കണ്ടവരാണ് പടവെട്ടിക്കുന്നിലുള്ള 30 വീട്ടുകാര്‍. എന്നിട്ടും അതീവ അപകട സാധ്യതാ മേഖലയിലെ മൂന്നു വീടുകള്‍ മാത്രമാണ് പുനരധിവാസ പട്ടികയില്‍ വന്നിട്ടുള്ളത്. മറ്റെല്ലാവരും ഇങ്ങോട്ട് തന്നെ തിരിച്ചുവരണം. ഇവര്‍ക്ക് ഉരുള്‍ പൊട്ടിയ വഴിയിലൂടെ രണ്ടര കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് നല്‍കാമെന്നാണ് പറയുന്നത്.