വേദനിക്കുന്നെന്ന് പറഞ്ഞിട്ടും 25 മിനിറ്റ് കാത്തിരുന്നിട്ടും ഡോക്ടര്‍ തിരിഞ്ഞുനോക്കിയില്ല; തിരൂരങ്ങാടി ആശുപത്രിയില്‍ അപകടത്തില്‍ കാലിന് പരുക്കേറ്റ സ്ത്രീയ്ക്ക് ചികിത്സ നിഷേധിച്ചു
മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സ നിഷേധം എന്ന് പരാതി. വാഹനാപകടത്തില്‍ പരുക്കേറ്റ് എത്തിയ എആര്‍ നഗര്‍ സ്വദേശിനി പട്ടേരി വീട്ടില്‍ ഉഷക്ക് ആണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്. പരുക്കേറ്റ കാലിന് കടുത്ത വേദന ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്ന് ഉഷ ആരോപിച്ചു.
വാഹനാപകടത്തില്‍ പരുക്കേറ്റ ഉഷയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത് രാത്രി 10:49ഓടെയാണ്. ആശുപത്രിയില്‍ എത്തി 25 മിനുട്ട് കഴിഞ്ഞിട്ടും ഡോക്ടര്‍ നോക്കാന്‍ തയ്യാറാവാതെ വന്നതോടെ രോഗിക്ക് ഒപ്പം വന്നവര്‍ ഡോക്ടറോട് തര്‍ക്കിക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
11:16 ഓടെ ചികിത്സ ലഭിക്കാതെ രോഗി ആശുപത്രി വിട്ടു. രോഗികള്‍ കാത്തിരിക്കുമ്പോഴും ഡോക്ടര്‍ പലതവണ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. ചികിത്സ നിഷേധവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇതേ ആശുപത്രിക്ക് എതിരെ ഉയര്‍ന്നിട്ടും ആരോഗ്യ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല എന്നും ആക്ഷേപം ഉണ്ട്.