KeralaTop News

മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം: മുന്നറിയിപ്പുമായി വനംവകുപ്പ്

Spread the love

മനുഷ്യര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ വനംവകുപ്പ്. പഞ്ചായത്ത് പ്രസിഡണ്ടന്റ്‌ന് നല്കിയ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കുമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്. പഞ്ചായത്ത് സമിതിയുടെ തീരുമാനം പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടി. ഭരണസമിതി പ്രഖ്യാപനം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. തെറ്റായ പ്രവണതകള്‍ക്കെതിരെ തദ്ദേശ സ്വയം ഭരണ വകുപ്പുമായി കൂടിയാലോചിക്കാനും വനംവകുപ്പ് നിര്‍ദേശം നല്‍കി. വിഷയത്തില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു.

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം അനുസരിച്ച് പത്തു വാര്‍ഡുകള്‍ വനത്താല്‍ ചുറ്റപ്പെട്ടതാണ്. വന്യജീവി ആക്രമണങ്ങളാല്‍ ജനം പൊറുതിമുട്ടിയിരിക്കുന്നുവെന്നായിരുന്നു ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ വിശദീകരണം. ജീവനും സ്വത്തിനും ഭീഷണിയായി ഇത് തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. നാട്ടിലിറങ്ങുന്നത് ആന ആയാലും പുലി ആയാലും കടുവ ആയാലും വെടിവെച്ചു കൊല്ലാനാണ് ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചത്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ 15 മെമ്പര്‍മാരും തീരുമാനം അംഗീകരിക്കുകയായിരുന്നു. എന്ത് സംഭവിച്ചാലും പ്രത്യാഘാതം നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍കുമാര്‍ പറയുന്നു.നിലവിലുള്ള നിയമം അനുസരിച്ച് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനാണ് അനുമതി ഉള്ളത്. ചട്ട വിരുദ്ധമാണ് തീരുമാനമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.