NationalTop News

ആശാ പ്രവര്‍ത്തനത്തിനുള്ള ഫണ്ട്: കേരളത്തിന് കഴിഞ്ഞ രണ്ട് വര്‍ഷവും 878 കോടി രൂപ വീതം അനുവദിച്ചു; കണക്ക് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

Spread the love

ആശാ വര്‍ക്കറുമാരുടെ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളെ പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് മുഴുവന്‍ കുടിശ്ശികയും നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ധനവിനിയോഗത്തിന്റെ വിവരങ്ങള്‍ സംസ്ഥാനം അറിയിച്ചിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. ആശാ വര്‍ക്കേഴ്‌സിന്റെ വേദനം കൂട്ടുമെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സിപിഐ അംഗം പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. എന്‍എച്ച്എം പ്രകാരം ആശാ വര്‍ക്കേഴ്‌സിനായി കേരളത്തിന് കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ അനുവദിച്ച തുക കൂടി സഭയില്‍ പരസ്യപ്പെടുത്തിക്കൊണ്ടാണ് ആരോഗ്യമന്ത്രാലയം കേരളത്തിന്റെ വാദങ്ങള്‍ തള്ളിയത്.

ആശാ വര്‍ക്കര്‍മാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തിന് 100 കോടി രൂപ തരാനുണ്ടെന്നായിരുന്നു പി സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേന്ദ്രം കേരളത്തിന് ഒരുരൂപ പോലും നല്‍കാനില്ലെന്ന് നദ്ദ പറഞ്ഞപ്പോള്‍ സഭയാകെ പ്രക്ഷുഭ്തമായി. ആശാ തൊഴിലാളികള്‍ക്കുള്ള പിന്തുണ ഉള്‍പ്പെടെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനെന്ന് കേന്ദ്രം. 2021-22 ല്‍ 1,675.38 കോടി രൂപയും കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും 878 കോടി രൂപയും കേരളത്തിന് അനുവദിച്ചയായി ആരോഗ്യസഹമന്ത്രി പ്രതാപ് റാവു ജാഥവ് മറുപടി പറഞ്ഞു. രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ എംപി യുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി.

ആരോഗ്യമേഖലയുടെ ഏറ്റവും അടിസ്ഥാനഘടകത്തില്‍ വളരെ ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കുന്നവരാണ് ആശാ വര്‍ക്കേഴ്‌സ് എന്ന് ജെ പി നദ്ദ പ്രശംസിച്ചു. ഇവരുടെ വേതന വര്‍ധനവ് ദേശീയ ആരോഗ്യ മിഷന്റെ കീഴിലുള്ള മിഷന്‍ സ്റ്റീയറിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്‌തെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ശിശു മരണനിരക്ക് ഉള്‍പ്പെടെ ഗണ്യമായി കുറഞ്ഞതില്‍ ആശാ പ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതാണെന്നും ഇന്ന് ആരോഗ്യമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.