‘കെ.വി തോമസിന്റെ നിയമനം പാഴ് ചെലവ്, കേന്ദ്രധനമന്ത്രി ചോദിച്ച കണക്ക് പോലും നൽകിയില്ല’; എൻ. കെ.പ്രേമചന്ദ്രൻ
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ എൻ കെ പ്രേമചന്ദ്രൻ എംപി.കെ വി തോമസിന്റെ നിയമനം പാഴ് ചിലവാണെന്നാണ് വിമർശനം. കെ വി തോമസ് കേന്ദ്രധനമന്ത്രിയെ കണ്ടപ്പോൾ ചോദിച്ച കണക്ക് നൽകാൻ സാധിച്ചില്ല. കണക്ക് പോലും നൽകാൻ സാധിച്ചില്ലെങ്കിൽ കെ വി തോമസ് എന്തിനാണ് ഡൽഹിയിൽ ഔദ്യോഗിക ചുമതല വഹിക്കുന്നത്?. കെ വി തോമസ് ലൈസൺ ഓഫീസർ ആണോയെന്ന് അദ്ദേഹം ചോദിച്ചു.
സത്യത്തിൽ കേരളത്തിന് കെ വി തോമസിന്റെ നടപടി നാണക്കേടാണ്. കെ വി തോമസിന് വേണ്ടി ഒരു ആവശ്യമില്ലാത്ത തസ്തികയാണ് ഡൽഹിയിൽ സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറ്റത്തിനും, കാലുമാറ്റത്തിനും നൽകിയ പ്രത്യുപകാരമാണ് തോമസിന്റെ നിയമനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു കാര്യവും ഇല്ലാതെ ഒരു തസ്തിക നിർമ്മിച്ചു. ഖജനാവിൽ നിന്ന് പണം നശിപ്പിക്കുന്നു. ഇതുവരെ കെ വി തോമസ് കേരളത്തിലെ എംപിമാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര ധനമന്ത്രിയുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ വയനാട് ദുരന്ത ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങൾ അവതരിപ്പിച്ചെന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും കെ വി തോമസ് പറഞ്ഞിരുന്നു . 12ന് ഡൽഹിയിൽ മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തത്തിന് അർഹതപ്പെട്ട ധനസഹായം കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കടമായി നൽകിയ 525 കോടി രൂപ മാർച്ച് 31ന് മുമ്പ് ചിലവഴിക്കണമെന്ന നിബന്ധന പ്രാവർത്തികമല്ലെന്നും കേന്ദ്രധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായും കെ വി തോമസ് പറഞ്ഞിരുന്നു.
ആശാ വർക്കർമാരുടെ കേന്ദ്ര ഓണറേറിയം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ കണക്കുകളുടെ വിശദാംശങ്ങൾ കേന്ദ്രധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ഉടൻ കൈമാറും. വിഴിഞ്ഞം പദ്ധതിയ്ക്കുള്ള കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ചർച്ച നടക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തിന് അതിവേഗ റെയിൽവേ സംവിധാനം നടപ്പിലാക്കുന്നതിന് ഇ ശ്രീധരൻ നൽകിയിട്ടുള്ള പ്രൊജക്ടുകൾ പരിശോധിച്ച് നടപടികളെടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും കെ വി തോമസ് കേരളാ ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.