KeralaTop News

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം എന്ന് ആക്ഷേപം; ഈഴവ സമുദായത്തില്‍പ്പെട്ട കഴകം ജീവനക്കാരനെ മാറ്റിനിര്‍ത്തി

Spread the love

തൃശ്ശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം എന്ന് ആക്ഷേപം. കഴകം പ്രവര്‍ത്തിക്ക് നിയമിതനായ ഈഴവ സമുദായത്തില്‍ പെട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ ബാലുവിനെ തന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തി എന്നാണ് പരാതി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മാറ്റിയത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം മാലകെട്ട് പ്രവര്‍ത്തിക്ക് ഈഴവ സമുദായത്തില്‍ പെട്ടയാളെ നിയമിച്ച ദേവസ്വം ബോര്‍ഡിന്റെ ചരിത്ര തീരുമാനത്തിന് പിന്നാലെ, ബാലു നടത്തിയ പ്രതികരണമാണ് കേട്ടത്. ബാലുവിന്റെ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പിന്നോക്കക്കാരനായ ബാലുവിനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാരുടെ ക്ഷേത്ര ബഹിഷ്‌കരണ സമരം. ക്ഷേത്രത്തിലെ ശുദ്ധ ക്രിയകളില്‍ പങ്കെടുക്കാതെ തന്ത്രിമാര്‍ മാറി നിന്നു. നടക്കാനിരിക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകളെ പ്രതിഷേധം ബാധിക്കുമെന്ന ഭയത്തില്‍ ദേവസ്വം ബോര്‍ഡ് ബാലുവിനെ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി മാറ്റി.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷ പാസായി ലഭിച്ച നിയമനമാണ് തന്ത്രിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മാറ്റിയത്. എന്നാല്‍ സാങ്കേതികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ക്ഷേത്രത്തില്‍ നേരിടുന്ന അവഹേളനവും സമ്മര്‍ദ്ദവും മൂലം വി എ ബാലു അഞ്ചുദിവസത്തെ അവധിയില്‍ പ്രവേശിച്ചു. ജാതി വിവേചനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.