Sunday, March 9, 2025
Latest:
NationalTop News

കര്‍ണാടകയില്‍ ഇസ്രായേലി വനിത ഉള്‍പ്പെടെ 2 പേരെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

Spread the love

കര്‍ണാടകയിലെ ഹംപിയില്‍ വിദേശ വനിത ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിദേശി അടക്കം ഒപ്പം ഉണ്ടായിരുന്ന പുരുഷ സഞ്ചാരിമാരെ കനാലിലേക്ക് തള്ളിയിട്ടാണ് സ്ത്രീകളെ ആക്രമിച്ചത്. വെള്ളത്തില്‍ മുങ്ങിപ്പോയ ഒഡീഷാ സ്വദേശിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി.

പ്രദേശവാസികള്‍ തന്നെയാണ് പ്രതികള്‍. സായി മല്ലു, ചേതന്‍ സായി എന്നീ രണ്ട് പേരാണ് പിടിയിലായത്. മൂന്നാമന്‍ ഒളിവിലാണ്. 6 സംഘങ്ങളായി തിരിഞ്ഞാണ് ഗംഗാവതി പൊലീസ് അന്വേഷണം നടത്തുന്നത്.

കര്‍ണാടക സ്വദേശിനിയുടെ ഹോംസ്റ്റേയില്‍ താമസത്തിന് എത്തിയ നാലംഗ സംഘം ആണ് അതിക്രൂര ആക്രമണത്തിന് ഇരയായത്. അമേരിക്കന്‍ പൗരനും 27 വയസ്സുള്ള ഇസ്രായേലി യുവതിയും മഹാരാഷ്ട്ര ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ആണ് താമസത്തിന് എത്തിയത്. പ്രശസ്തമായ സോനാര്‍ തടാകത്തിനു സമീപം രാത്രി വാനനിരീക്ഷണത്തിന് പോയതായിരുന്നു സംഘം. പെട്രോള്‍ പമ്പ് ചോദിച്ചെത്തിയ മൂന്നു പേരാണ് ആക്രമണം നടത്തിയത്. പമ്പിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതോടെ സഞ്ചാരികളോട് ആക്രമികള്‍ പണം ആവശ്യപ്പെട്ടു. എതിര്‍ത്തതോടെ പുരുഷന്മാരെ ആക്രമിച്ച് കനാലിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ ഇസ്രായേലി യുവതിയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയുകയും മര്‍ദ്ദിച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി.

വെള്ളത്തില്‍ വീണ അമേരിക്കന്‍ പൗരനും മഹാരാഷ്ട്ര സ്വദേശിയും നീന്തി കരയ്ക്ക് എത്തി. ഒഡീഷ സ്വദേശിയെ കാണാതായി. പിന്നാലെ പൊലീസില്‍ വിവരമറിയിച്ചു. അവശരായ സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിനായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാവിലെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതികള്‍. ബലാത്സംഗം പരിശോധനയിലൂടെ സ്ഥിരീകരിച്ചു.