‘പിതാവിന്റെ കാർ പണയം വെച്ചത് പെൺ സുഹൃത്തിന്റെ മാല തിരിച്ചെടുപ്പിക്കാൻ’; പുതിയ വെളിപ്പെടുത്തലുമായി അഫാൻ
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പിതാവ് അബ്ദുൾ റഹീമിന്റെ കാർ പണയം വെച്ചത് പെൺ സുഹൃത്തായ ഫർസാനയുടെ സ്വർണ്ണമാല തിരിച്ചെടുപ്പിക്കാനായിരുന്നുവെന്ന് മൊഴി. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.
തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി അഫാന്റെ പിതാവ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. നെടുമങ്ങാട് റജിസ്‌ട്രേഷനുള്ള കാറാണ് നഷ്ട്ടമായതെന്നും അബ്ദുൾ റഹീം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. അന്നും അഫാൻ കാർ പണയം വെക്കാനുള്ള സാധ്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നു.
കൊല്ലപ്പെട്ട സൽമാബീവിയുടെ അടുത്ത് നിന്നും പ്രതി പണയം വെക്കാനായി സ്വർണ്ണമാല ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നല്കാതെയായപ്പോഴായിരുന്നു പിതൃ മാതാവിനെയും പ്രതി കൊലപ്പെടുത്തിയിരുന്നത്. കൊലപാതകത്തിനു ശേഷം മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചുവെന്നും അഫാൻ പറഞ്ഞിരുന്നു. കുടുംബത്തിന് 40 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപ് കുടുംബം നടത്തിയ ചില ബിസിനസുകളിലെ പാളിച്ചകളാണ് പിന്നീട് ബാധ്യതകൾ കൂടാനുള്ള കാരണം. ഇത് തെളിയിക്കുന്ന രേഖകളും ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിന്ന് കിട്ടിയിട്ടുണ്ട്.
ഫർസാനയോട് അഫാനുണ്ടായിരുന്നത് വൈരാഗ്യം മാത്രമായിരുന്നു. ഫർസാന മാല തിരിച്ചു ചോദിച്ചതാണ് ഇതിന് കാരണമായതെന്നും പ്രതി അന്വേഷണസംഘത്തോട് വ്യക്തമാക്കി.രണ്ടാം ദിവസത്തെ തെളിവെടുപ്പിലും അഫാന്റെ മുഖത്ത് ഭാവവ്യത്യാസമില്ലായിരുന്നു. പാങ്ങോട് സ്റ്റേഷനിൽ നിന്ന് അഫാനെ ആദ്യമെത്തിച്ചത് കൊലപാതം നടത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട് നഗരത്തിലെ ഹാർഡ് വെയർ ഷോപ്പിലാണ്. കടയുടമ അഫാനെ തിരിച്ചറിയുകയും ചെയ്തിരുന്നു.