KeralaTop News

പൂണെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്യും

Spread the love

പൂണെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി താനൂർ പൊലീസ് നാട്ടിലേക്ക് തിരിച്ചു. വൈകിട്ട് പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിൽ ആണ് യാത്ര. കുട്ടികൾക്കൊപ്പം യാത്ര ചെയ്ത യുവാവിൻ്റെയും വിശദമായ മൊഴി കേരളത്തിൽ എത്തിയശേഷം രേഖപ്പെടുത്തും.

പുലർച്ചെ പൂണെയിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടികളെ രാവിലെ സസ്സൂൺ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തി. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. രാവിലെ എട്ടുമണിയോടെ മുംബൈയിലെത്തിയ താനൂർ പൊലീസ് സംഘം റോഡ് മാർഗം ഉച്ചയ്ക്ക് ഒരു മണിയോടെ പൂണെയിലെത്തി. സ്റ്റേഷനിലെയും ഷെൽട്ടർ ഹോമിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ കുട്ടികളെ ഏറ്റുവാങ്ങി. നാളെ ഉച്ചയോടെ കുട്ടികൾ സ്വദേശത്ത് എത്തും. കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്ക് വിട്ടുനിൽക്കും.

അതേസമയം, നാട്ടിൽ തിരിച്ചെത്തിയാൽ ഉള്ള പ്രതികരണങ്ങളെ കുറിച്ചാണ് കുട്ടികൾക്ക് ഇപ്പോഴുള്ള ആശങ്ക. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നടത്തും. മക്കളെ തിരിച്ചു കിട്ടാൻ സഹായിച്ചവരോടൊക്കെ നന്ദി പറയുകയാണ് പെൺകുട്ടികളുടെ കുടുംബങ്ങൾ. കുട്ടികളോടൊപ്പം യാത്ര ചെയ്ത യുവാവിന് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി വിവരം ഇല്ല.

ബുധനാഴ്‌ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച്‌ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്. താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥികളാണ് ഇരുവരും. വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടികൾ ഇറങ്ങിയത്.

ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ഇതിന്‍റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ കോഴിക്കോടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പൊലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.