കെ-പോപ്പ് ഗായികക്കെതിരെ കോപ്പിയടി ആരോപണം ; ഗായികക്കെതിരെ കോപ്പിയടി ആരോപണം
ബ്ലാക്ക്പിങ്ക് എന്ന കെ-പോപ്പ് ബാൻഡിലെ അംഗമായ ഗായിക ‘ജെനി’യുടേതായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ‘ലൈക്ക് ജെനി’ എന്ന ഗാനത്തേതിനെതിരെ കോപ്പിയടി ആരോപണം. കരൺ ജോഹർ സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലെ ആലിയ ഭട്ടിന്റെ ഇൻട്രോ തീം സോങ്, ജെനി കോപ്പി അടിച്ചു എന്നാണ് ആരാധകർ ആരോപിക്കുന്നത്.
ആൽബത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്തുവിട്ട പ്രോമോ ഗാനത്തിനെതിരെയായിരുന്നു ആരോപണം. എന്നാൽ ആരോപണത്തെ നിഷേധിച്ച് ഗായികയുടെ ആരാധകർ എത്തുകയും, ഇന്ത്യക്കാരുടെ വാദത്തിനെതിരെ വംശീയ അധിക്ഷേപമടക്കം അഴിച്ചുവിടുകയും ചെയ്തതോടെ, തർക്കം കൈവിട്ടുപോയി.
ഇപ്പോൾ പുറത്തുവിട്ട ഗാനത്തിന്റെ പൂർണരൂപം കൂടി കേട്ടതോടെ, ‘ലൈക്ക് ജെനിക്ക്’ ബ്രിയാന്ന സുപ്രിയോ ആലപിച്ച്, പ്രീതം ഈണമിട്ട ബംഗാളി റാപ്പ് ഗാനത്തിനോടുള്ള അസാമാന്യ സാമ്യത ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. നിലവിൽ ആരാധകർ തമ്മിൽ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്ന വാക്ക്പോരിനോടോ, കോപ്പിയടി വാദത്തിനോടോ ജെന്നി പ്രതികരിച്ചിട്ടില്ല. ഗായികയ്ക്കും ബ്ലാക്ക് പിങ്ക് ബാൻഡിനും ഇന്ത്യയിലും നിരവധി ആരാധകർ ഉണ്ട്.
നിരവധി കെ-പോപ്പ് ഗാനങ്ങൾ ബോളിവുഡിലേയ്ക്കും മുൻപ് കോപ്പി ചെയ്തിട്ടുണ്ട് അതിനാൽ ഇതത്ര സംഭവമാക്കേണ്ടതില്ല എന്ന് ജെനിയുടെ
ചില ഇന്ത്യൻ ആരാധകർ എക്‌സിൽ കമന്റ് ചെയ്തു. ന്യൂസിലാൻഡിൽ താമസമാക്കിയ 29 വയസുള്ള സൗത്ത് കൊറിയക്കാരിയായ ജെന്നി ‘ദി ഐഡൽ’ എന്ന സീരീസിൽ അഭിനയിച്ചിട്ടുമുണ്ട്.