Sunday, March 9, 2025
Latest:
KeralaTop News

വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതി; ഹൈക്കോടതിയിൽ ജഡ്ജിക്കെതിരെ പ്രതിഷേധം

Spread the love

വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതിയിൽ ജഡ്ജിക്കെതിരെ പ്രതിഷേധം. ജസ്റ്റിസ് എ.ബദറുദീൻ്റെ കോടതിയിലായിരുന്നു അഭിഭാഷകർ പ്രതിഷേധിച്ചത്. തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന അഭിഭാഷകരുടെ ആവശ്യം ജസ്റ്റിസ് എ.ബദറുദ്ദീൻ നിഷേധിച്ചു.

രാവിലെ പത്തേകാലിന് ജസ്റ്റിസ് എ.ബദറുദിന്റെ കോടതിയിൽ കൂട്ടമായി എത്തിയാണ് അഭിഭാഷകർ പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം കോടതിയിൽ വച്ച് വനിതാ അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജസ്റ്റിസ് എ.ബദറുദ്ദീൻ സംസാരിച്ചെന്ന് പരാതി ഉയർന്നിരുന്നു. വിഷയത്തിൽ ജസ്റ്റിസ് ബദറുദ്ദീൻ തുറന്ന കോടതിയിൽ മാപ്പുപറയണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. എന്നാൽ അഭിഭാഷക അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ ആവശ്യം ജഡ്ജി നിരാകരിച്ചു. ചേമ്പറിൽ വച്ച് മാപ്പ് പറയാമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ അറിയിച്ചെന്നും, എന്നാൽ തുറന്ന കോടതിയിൽ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിൻ്റെ കോടതി ബഹിഷ്കരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

പ്രതിഷേധത്തെ തുടർന്ന് ഇടപെട്ട ചീഫ് ജസ്റ്റിസ്, വിഷയം പഠിക്കാൻ സാവകാശം തേടി. ഉച്ചയ്ക്കുശേഷം ചീഫ് ജസ്റ്റിസ്, അഭിഭാഷക അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തും. അസാധാരണമായ സംഭവവികാസങ്ങളെ തുടർന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ്റെ ഇന്നത്തെ സിറ്റിങ് ഒഴിവാക്കി.