‘ലീഗ് ഒരു വര്‍ഗീയ കക്ഷിയുമായും കൂട്ടുകൂടിയിട്ടില്ല’ ; എം വി ഗോവിന്ദന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി
ലീഗ് ഒരു വര്‍ഗീയ കക്ഷിയുമായും കൂട്ടുകൂടിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണെന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമര്‍ശനത്തിന് മറുപടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
സിപിഎം ചര്‍ച്ച ചെയ്യുന്നത് അവരുടെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ പലതും ചര്‍ച്ച ചെയ്യും. അവരുടെ ചര്‍ച്ചയ്ക്ക് അഭിപ്രായം പറയേണ്ട കാര്യം ഇല്ല – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫ് ഭദ്രമായി കെട്ടുറപ്പോടുകൂടി അച്ചടക്കത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. പാര്‍ട്ടി സമ്മേളനത്തില്‍ പലതും ചര്‍ച്ച ചെയ്യും. പത്ത് വര്‍ഷം ഭരിച്ചിട്ട് ഇടതുപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ രാജ്യത്ത് സിപിഎം ഇല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് ബദല്‍ – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നവെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്ന ഇത്തരം സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യുഡിഎഫിന് വോട്ട് ചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള ഉദാഹരണങ്ങള്‍ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിച്ചു. മത്സരിക്കുമ്പോള്‍ യുഡിഎഫിന്റെ വോട്ട് നേടി വിജയിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.