KeralaTop News

കൂടൽ ഇരട്ടക്കൊലപാതകം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Spread the love

കൂടൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ബൈജുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

കോടതിയിൽ കുറ്റബോധമില്ലാതെയായിരുന്നു പ്രതി ബൈജു നിന്നത്. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കൂടൽ കലഞ്ഞൂർ പാടത്ത്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യ വൈഷ്ണവി(27), അയൽവാസി വിഷ്ണു (34) എന്നിവരെയാണ് ബൈജു കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ വെച്ച് വെട്ടുകയായിരുന്നു.

വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി വീഴ്ത്തുകയായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചെന്നായിരുന്നു എഫ്ഐആർ.
പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ എന്ന് എഫ്ഐആറിൽ‌ പറയുന്നു. വിഷ്ണുവും ബൈജുവും ഒരുമിച്ച് പഠിച്ചവരായിരുന്നു. ബൈജുവിന്റെ വീട്ടിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. വെട്ടേറ്റ ഉടൻ തന്നെ ഭാര്യ വൈഷ്ണവി മരിച്ചിരുന്നു. വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊലപാതകം നടത്തിയ ശേഷം ബൈജു മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.