വിദ്യാർത്ഥിയുടെ ശരീരത്തിൽ നായ്ക്കുരണക്കായ് എറിഞ്ഞ സംഭവം, മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
കൊച്ചി കാക്കനാട് തെങ്ങോട് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിൽ നായ്ക്കുരണക്കായ് എറിഞ്ഞ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കുട്ടി അതിക്രമത്തിന് ഇരയായിട്ടും വേണ്ട സഹായം ചെയ്യാതിരുന്ന മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഒരു അധ്യാപികയെ സ്ഥലം മാറ്റി. പത്താം ക്ലാസുകാരിയുടെ ദേഹത്ത് നായ്ക്കുരണക്കായ് ഇട്ട വിദ്യാർത്ഥിനികളുടെ പരീക്ഷാ സെന്ററും മാറ്റി.
കാക്കനാട് തെങ്ങോട് സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരിക്ക് നേരെയായിരുന്നു സഹപാഠികൾ ക്രൂരത കാട്ടിയത്.ക്ലാസിലിരുന്ന പെൺകുട്ടിയുടെ ശരീരത്ത് നായ്ക്കുരണക്കായ എറിഞ്ഞായിരുന്നു ക്രൂരത.15 ദിവസത്തോളം കുട്ടി ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യമാണ് ഉണ്ടായത്.കുട്ടിക്ക് നേരെ സ്കൂളിൽ വച്ച് അതിക്രമം ഉണ്ടായിട്ടും സംഭവം കണ്ടില്ലെന്ന് നിലയിലാണ് അധ്യാപകർ പെരുമാറിയത്.കുട്ടിയുടെ ദുരവസ്ഥ 24 വാർത്തയാക്കിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരായ ശ്രീകാന്ത്, ജിഷ ,ദീപ എന്നിവരെ സസ്പെൻഡ് ചെയ്യുകയും രാജി എന്ന അധ്യാപികയെ തിരുമാറാടി സ്കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തത്.
കുട്ടിയുടെ ശരീരത്ത് നായ്ക്കുരണക്കായ എറിഞ്ഞ രണ്ടു വിദ്യാർത്ഥികളുടെ പരീക്ഷാ സെൻററും മാറ്റിയിട്ടുണ്ട്. തൃക്കാക്കര ഗവൺമെൻറ് ഹൈസ്കൂളിലേക്കാണ് ഇരുവരുടെയും പരീക്ഷാ സെൻറർ മാറ്റിയത്.സമൂഹത്തിൽ കൂടുതൽ തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞശേഷം കേസിൽ പ്രതികളായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തി തുടർനടപടികൾ ഉണ്ടാകുമെന്ന് പോലീസും അറിയിച്ചു.കേസിന്റെ തുടക്കത്തിൽ ഇൻഫോപാർക്ക് പോലീസിനും വലിയ വീഴ്ചയാണ് സംഭവിച്ചത്.