Tuesday, March 4, 2025
Latest:
NationalTop News

സിംഹക്കുട്ടിയെ കൊഞ്ചിച്ചും കടുവകള്‍ക്കൊപ്പം സമയം ചെലവിട്ടും പ്രധാനമന്ത്രി; ചിത്രങ്ങള്‍ വൈറല്‍

Spread the love

ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താര പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്തു. വന്‍താരയിലെ അന്തേവാസികളായ മൃഗങ്ങള്‍ക്കൊപ്പം കുറെയേറെ സമയം മോദി ചെലവിടുകയും ചെയ്തു

ഇന്ത്യയിലും വിദേശത്തും പരിക്കേറ്റതും ഉപദ്രവിക്കപ്പെട്ടതുമായ മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സംരംഭമാണ് അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വന്‍താര അഥവാ കാടിന്റെ നക്ഷത്രം. ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിനുള്ളില്‍ 3000 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വന്‍താരയില്‍ 2000 ഇനങ്ങളിലായി 1,50,000 മൃഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്
വന്‍താരയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

വന്‍താരയിലെ മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവിടാനും പ്രധാനമന്ത്രി മറന്നില്ല. ഏഷ്യാറ്റിക് സിംഹക്കുട്ടികളുമായും അപൂര്‍വ ഇനത്തില്‍പ്പെട്ട സിംഹക്കുട്ടികളുമായുമൊക്കെ കളിക്കാനും അവയ്ക്ക് ഭക്ഷണം നല്‍കാനുമൊക്കെ മോദി സമയം ചെലവിട്ടു.

ആനകള്‍ക്കായുള്ള ജലചികിത്സാ കുളവും പരിക്കേറ്റ ആനകള്‍ക്കായുള്ള ചികിത്സാകേന്ദ്രവും വന്യജീവി ആശുപത്രിയും വന്യജീവി ഗവേഷണ പരീക്ഷണശാലയുമെല്ലാം പ്രധാനമന്തി ചുറ്റി നടന്നു കണ്ടു. വംശനാശ ഭീഷണി നേരിടുന്ന പല മൃഗങ്ങളും വന്‍താരയിലുണ്ട്. കേന്ദ്രത്തിലെ വിവിധ സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, എന്നിവരുമായുമെല്ലാം സംസാരിക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തി.