റഷ്യക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണങ്ങൾ ഇനി വേണ്ടെന്ന് അമേരിക്ക; ഉത്തരവിട്ടത് പ്രതിരോധ സെക്രട്ടറി
റഷ്യയ്ക്കെതിരായ ആക്രമണ പ്രവർത്തനങ്ങൾ നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുഎസ് സൈബർ കമാൻഡിനോട് ഉത്തരവിട്ടതായി റിപ്പോർട്ട്. യുക്രൈൻ വിഷയത്തിലും അമേരിക്കയുമായി പുതിയ വ്യാപാര ബന്ധത്തിലേക്കും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനെ ക്ഷണിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഈ പുതിയ ഉത്തരവെന്ന് വിലയിരുത്തപ്പെടുന്നു. വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി പരസ്യമായി ഏറ്റുമുട്ടുന്നതിന് മുൻപാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഒരു വർഷമായി, യുഎസിലെ ആശുപത്രികൾ, അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ, നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള റാൻസംവെയർ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ഇതിൽ പലതിൻ്റെയും കേന്ദ്രം റഷ്യയാണ്. റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ അനുവദിച്ചതോ അവഗണിച്ചതോ ആയ ക്രിമിനൽ പ്രവൃത്തികളാണ് ഇവയെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.
അതേസമയം ഉക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചത്. രണ്ട് കക്ഷികളും ചർച്ചയ്ക്ക് വരാതെ ഒരു യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നും റഷ്യയെ ചർച്ചയിലേക്ക് എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നുമാണ് റൂബിയോ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേസമയം യൂറോപ്പിൽ യുഎസിൻ്റെ പരമ്പരാഗത സഖ്യ കക്ഷികളെല്ലാം ട്രംപ് സർക്കാരിൻ്റെ നയത്തിൽ കടുത്ത അതൃപ്തിയിലാണ്.