KeralaTop News

പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; വിരട്ടൽ വേണ്ടെന്ന് സ്പീക്ക‍ർ; തർക്കത്തിന് പിന്നാലെ സഭ പിരിഞ്ഞു

Spread the love

സമയത്തെ ചൊല്ലി നിയമസഭയിൽ വീണ്ടും പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാ നടപടികൾ സ്പീക്കർ വേ​ഗത്തിൽ പൂർത്തിയാക്കി. ആഴക്കടൽ ഖനനത്തിന് എതിരായ പ്രമേയത്തിൽ ഭേദ​ഗതികൾ പ്രതിപക്ഷം അവതരിപ്പിച്ചില്ല. ഇന്നത്തേക്ക് പിരിഞ്ഞ സഭ ഈ മാസം പത്തിനാണ് ഇനി ചേരുക.

ആശാവർക്കർമാരുടെ സമരം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസം​ഗത്തിനിടെയാണ് സ്പീക്കർ എ എൻ ഷംസീറുമായി തർക്കമുണ്ടായത്. പ്രസം​ഗം 11 മിനിറ്റ് ആയെന്നും സമയത്തിനുള്ളിൽ സംസാരിക്കണമെന്നും സ്പീക്കർ ഓർമിപ്പിച്ചത് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചു. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ്. അങ്ങനെയൊന്നും വിരട്ടാൻ നോക്കേണ്ടെന്ന് സ്പീക്ക‍ർ.

പ്രതിപക്ഷ അം​ഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. ഇതോടെ സഭാ നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. അതിനിടെ, ആഴക്കടൽ ധാതു ഖനനത്തിന് എതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതി നിർദ്ദേശങ്ങളും അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പ്രതിഷേധം തുടർന്നപ്രതിപക്ഷം ഭേദഗതികൾ സഭയിൽ അവതരിപ്പിച്ചില്ല. തുടർന്ന് സഭ പിരിയുകയായിരുന്നു.