വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് : അഫാന്‍ രണ്ട് പേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടതായി പൊലീസ്
ബന്ധുക്കളായ രണ്ട് പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് തിരുവനന്തപുരം വെഞ്ഞാറാമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. എന്നാല്‍ സഹോദരനെ കൊലപ്പെടുത്തിയതോടെ തളര്‍ന്നെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കി. കടബാധ്യതകള്‍ രേഖപ്പെടുത്തിരുന്ന അഫാന്റെ മാതാവ് ഷെമിയുടെ ഡയറിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൂട്ടക്കൊലയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലീസ് ഉറപ്പിച്ചു.
ബന്ധുവായ അമ്മയേയും മകളെയും കൊലപ്പെടുത്താനായിരുന്നു അഫാന്‍ തീരുമാനിച്ചിരുന്നത്. കൊലപ്പെടുത്താനുദ്ദേശിച്ചിരുന്ന ഈ അമ്മയില്‍ നിന്നും മകളില്‍ നിന്നും കുടുംബം നിരവധി തവണ പണം വാങ്ങിയിരുന്നു. മൂന്ന് ലക്ഷത്തോളം രൂപയം 13 പവനോളം സ്വര്‍ണവും ഇവരില്‍ നിന്ന് വാങ്ങിയിരുന്നു. വീണ്ടും അഞ്ച് ലക്ഷം രൂപ കടം ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയില്ല. ഇതാണ് ഇവരോട് വിരോധം തോന്നാന്‍ കാരണം. ഇവരെക്കൂടാതെ ഒരു അമ്മാവനെക്കൂടി കൊലപ്പെടുത്താന്‍ അഫാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഒരു കൊച്ചു കുട്ടിയുള്ളത് കൊണ്ട് വെറുതെ വിടുകയായിരുന്നുവെന്നുമാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.
അതേസമയം, അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കൂടുതല്‍ മൊഴി എടുക്കുമെന്ന് റൂറല്‍ എസ്പി കെ.എസ് സുദര്‍ശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റിയേക്കും. നിലവില്‍ പ്രതിയുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ്.
നാല് മണിക്കൂറിനുള്ളില്‍ അഞ്ചു പേരെ കൊലപ്പെടുത്തിയത് ഗുരുതര സാഹചര്യമെന്നും റൂറല്‍ എസ്പി പറഞ്ഞു. കൊലപാതക കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ഉറപ്പിച്ചു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്ന് തെളിഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ മാനസിക പ്രശ്നം ഉണ്ടെന്നു കണ്ടെത്തല്‍ ഇല്ല.
കുടുംബത്തിന്റെ കട ബാധ്യതകളുടെ ഉത്തരവാദിത്തം അഫാന്‍ ഏറ്റെടുത്തിട്ടുണ്ടാവണം. അതുകൊണ്ടാണ് കൊലപാതകങ്ങള്‍ക്കിടയില്‍ കൊടുക്കാനുള്ള പൈസ കൊടുത്തത്. നാല് പേര്‍ക്കാണ് അഫാന്‍ പൈസ കൈമാറിയത്. ഒരു കുറ്റകൃത്യം ചെയ്യുന്നതിനിടയില്‍ കടം വീട്ടുക അസാധാരണ സാഹചര്യം. ആത്മഹത്യയെ കുറിച്ച് കുടുംബം ആലോചിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ മൊഴി എടുക്കും – കെ എസ് സുദര്‍ശന്‍ വ്യക്തമാക്കി.