രഞ്ജി ട്രോഫി അഞ്ചാം ദിനം, അവസാന പോരാട്ടത്തിന് കേരളം; ലീഡ് 300 കടന്ന് വിദർഭ, കരുൺ നായർ പുറത്ത്
രഞ്ജി ട്രോഫി ഫൈനലിൽ അവസാനദിന പോരാട്ടത്തിന് കേരളം. അഞ്ചാം ദിവസം രാവിലെ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരെ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്താണ് കരുൺ നായർ പുറത്തായത്.
ആദിത്യ സർവതെയ്ക്കാണ് വിക്കറ്റ്.പരമാവധി വേഗത്തിൽ വിദർഭയെ ഓൾ ഔട്ടാക്കാൻ സാധിച്ചാലെ കേരളത്തിന് മത്സരത്തിൽ ഇനി പ്രതീക്ഷകൾ ബാക്കിയുള്ളു. നിലവിൽ വിദർഭയുടെ ലീഡ് 300 റൺസ് കടന്നു.
103 ഓവർ പിന്നിടുമ്പോൾ വിദർഭ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന ശക്തമായ നിലയിലാണ്. നിലവിൽ വിദർഭയുടെ ലീഡ് 308ലേക്കെത്തി. അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. .
നേരത്തെ മൂന്നാം ദിവസം ഒടുവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിംഗ്സിൽ 379 റൺസാണ് നേടിയത്. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇനി രഞ്ജി കിരീടം സ്വന്തമാക്കാൻ മത്സരം വിജയിക്കണം. സമനില ആണെങ്കിൽ വിദർഭ കിരീടം സ്വന്തമാക്കും.