Saturday, March 1, 2025
Latest:
NationalTop News

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; മരണം 4 ആയി, കുടുങ്ങി കിടക്കുന്നവർക്കായി തിരച്ചിൽ

Spread the love

ഉത്തരാഖണ്ഡ് ചാമോലി ജില്ലയിലെ മനയിലുണ്ടായ മഞ്ഞിടിച്ചിലിൽ മരണം 4 ആയി. ബോർഡർ റോഡ് ഓർഗനൈസേഷനിലെ (BRO) 55 തൊഴിലാളികളാണ് മഞ്ഞുവീഴ്ചയിൽ കുടുങ്ങിയത്. അവരിൽ 5 പേർ ഇപ്പോഴും മഞ്ഞിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനം നേരിട്ട് നിരീക്ഷിക്കാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി.

ഇന്നലെ മാത്രം 33 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് 17 പേരെ കൂടി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ മനയ്ക്കും ബദരീനാഥിനും ഇടയിലുള്ള BRO ക്യാമ്പിലാണ് മഞ്ഞിടിച്ചിൽ ഉണ്ടായത്, എട്ട് കണ്ടെയ്നറുകളിലും ഒരു ഷെഡിലും തൊഴിലാളികൾ കുടുങ്ങി. സംഭവത്തിന് ശേഷം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) ടീമുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വൈദ്യസഹായത്തിനായി മനയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജോഷിമഠിലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.

ഐടിബിപി DG, എൻഡിആർഎഫ് DG എന്നിവരുമായി മുഖ്യമന്ത്രി ദാമി സംസാരിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. കാലാവസ്ഥ മെച്ചപ്പെടുന്നതിന് അനുസരിച്ച്, കൂടുതൽ ഹെലികോപ്റ്ററുകൾ കൂടി രക്ഷാപ്രവർത്തനത്തിനായി ഉൾപ്പെടുത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. നിലവിൽ ഡോക്ടർമാരുടെ സംഘവും ആംബുലൻസുകളും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയും, മഴയും, മഞ്ഞിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.