KeralaTop News

‘മൂന്നു കൊല്ലമായി സഹിക്കുന്നു, നിങ്ങളുടെ മോളെ വേണ്ട’; വാട്‌സ്ആപ്പ് ശബ്ദ സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി

Spread the love

കാസർഗോഡ് കാഞ്ഞങ്ങാട് വാട്‌സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി. കല്ലൂരാവി സ്വദേശിനി ആണ് ഭർത്താവിനെതിരെ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് പിതാവിന്റെ ഫോണിൽ വിളിച്ച് മൂന്ന് തവണ മൊഴിചൊല്ലി എന്നാണ് പരാതി. ഭർത്താവ് അബ്ദുൾ റസാഖും കുടുംബവും സ്ത്രീധനം കുറഞ്ഞെന്ന പേരിൽ പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു.

18 വയസിലാണ് യുവതിയുടെ വിവാഹം കഴിയുന്നത്. 2022 ഓഗസ്റ്റ് എട്ടിനായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഇതിന് ശേഷം തുടർച്ചയായി പീഡനം ഏൽക്കേണ്ടിവന്നുവെന്ന് പെൺകുട്ടി പറയുന്നു. 50 പവൻ സ്വർണം സ്ത്രീധനമായി ചോദിച്ചിരുന്നു. എന്നാൽ 20 പവനാണ് നൽകാൻ കഴിഞ്ഞത്. ഇതിനെ തുടർന്നാ പീഡനമെന്നായിരുന്നു പെൺകുട്ടി പറയുന്നു. രണ്ടരവർഷത്തോളം പല ദിവസങ്ങളിൽ ഭർത്താവുിന്റെ വീട്ടിൽ പട്ടിണി കിടക്കേണ്ടി വന്നു. ഭർതൃവീട്ടുകാർ നിരന്തരം മർദിച്ചിരുന്നു. സ്വർണം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു പീഡനം. മാനസികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞു.

ഇതിനിടയിൽ ഭർത്താവ് യുഎഇയിലേക്ക് പോയി. പോയതിന് ശേഷം മാസങ്ങളോളം വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് ഭർത്താവിനെ തിരക്കി യുഎഇയിലേക്ക് പോകാൻ പെൺകുട്ടി തയാറെടുപ്പ് നടത്തിയിരുന്നു. എന്നാൽ ഇക്കാര്യം ഭർത്താവ് അറിഞ്ഞു. തുടർന്നാണ് മുത്തലാഖ് ചൊല്ലിയത്. കഴിഞ്ഞമാസം 21നാണ് മുത്തലാഖ് ചൊല്ലിയതായി സന്ദേശം എത്തുന്നത്.മൂന്നു കൊല്ലമായി സഹിക്കുന്നുവെന്നും നിങ്ങളുടെ മോളെ വേണ്ട എന്നും യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. പറഞ്ഞപോലെ കേട്ട് നിക്കണമെന്നും വേണ്ടാന്ന് പറഞ്ഞാൽ വേണ്ട, മൂന്ന് തലാഖ് ചൊല്ലി നിങ്ങളുടെ മോളെ വേണ്ട എന്ന് സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി നൽകിയിട്ടുണ്ട്. നിയമപരമായ പോരാടാനാണ് കുടുംബത്തിന്റെ തീരുമാനം.