ഗസ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും; രണ്ടാംഘട്ട ചർച്ചകൾ ആരംഭിച്ചു
ഗസ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. ഹമാസ് 33 ബന്ദികളേയും ഇസ്രയേൽ ആയിരത്തിലേറെ പലസ്തീൻ തടവുകാരെയും കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ ഇന്നലെ ആരംഭിച്ചു.
ഗസ്സ ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അവസാന ബന്ദി കൈമാറ്റം വ്യാഴാഴ്ചയാണ് നടന്നത്. നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹമാണ് കൈമാറിയത്. പകരം നൂറിലധികം പലസ്തീൻ തടവുകാരെ ഇസ്രയേലും കൈമാറി. ജനുവരി 19-ന് ആരംഭിച്ച 42 ദിവസം നീണ്ട ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി എട്ട് മൃതദേഹമടക്കം 33 ബന്ദികളെയാണ് ഹമാസ് കൈമാറിയത്. അഞ്ച് തായ് ബന്ദികളെ പ്രത്യേകമായും കൈമാറി. ആയിരത്തിലധികം പലസ്തീൻ തടവുകാരെ ഇസ്രയേലും കൈമാറി.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൽ 251 പേരെയാണ് ബന്ദികളാക്കിയത്. 2023 നവംബറിലും 2025 ജനുവരി 19 ആരംഭിച്ച വെടിനിർത്തലിലുമായി ഇതുവരെ 147 പേരെയാണ് മോചിപ്പിച്ചത്. ഹമാസിന്റെ പിടികൂടിയവരിൽ 59 പേർ ബന്ദികളായുണ്ട്. ഇതിൽ 32 പേർ മരിച്ചതായാണ് ഇസ്രയേൽ പറയുന്നത്. മരിച്ചവരിൽ 9 സൈനികരുമുണ്ട്. നാലു സൈനികർ ജീവനോടെയുണ്ട്. 41 ബന്ദികളുടെ മൃതദേഹങ്ങളും എട്ടു ബന്ദികളേയും ഇസ്രയേൽ നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. ഹമാസ് ബന്ദികളാക്കിയവരിൽ ഇസ്രയേലികളല്ലാത്ത അഞ്ചുപേരുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിൽ മരണപ്പെട്ട മൂന്ന് തായ്‍വാൻ പൗരന്മാരും ഒരു ടാൻസാനിയനും മരിച്ച ഒരു നേപ്പാളി പൗരനുമുണ്ട്. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ ഇന്നലെ ഈജിപ്തിലെ കെയ്‌റോയിൽ ആരംഭിച്ചു. ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.