‘ഒരു സ്ത്രീക്ക് എതിരെ പറഞ്ഞതല്ല; ചൂണ്ടിക്കാണിച്ചത് അവരുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇല്ലായ്മ’; പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി CITU നേതാവ്
ആശാവർക്കേഴ്സ് സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച പരാമർശത്തിൽ വിശദീകരണവുമായി സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ്
പി.ബി. ഹർഷകുമാർ. പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പി.ബി. ഹർഷകുമാർ പറഞ്ഞു. ഒരു സ്ത്രീക്ക് എതിരെ പറഞ്ഞതല്ലെന്നും അവരുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇല്ലായ്മയാണ് ചൂണ്ടിക്കാണിച്ചതെന്നും സിഐടിയു നേതാവ് പറഞ്ഞു.
എസ്.യു.സി.ഐ കോടാലി കൈയാണെന്നം സമരത്തിൽ എസ് ടി യുവിന്റെയോ ഐഎൻടിസിയുടെയോ കൊടി കണ്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി പ്രതിസന്ധിയിൽ ആകുമ്പോൾ രക്ഷകരായി എത്തുന്നവരാണ് എസ്.യു.സി.ഐക്കാർ. ബക്കറ്റ് കളക്ഷൻ പരാമർശത്തിലും പിന്നോട്ടില്ലെന്ന് ഹർഷകുമാർ വ്യക്തമാക്കി. ഞങ്ങൾ ബക്കറ്റ് കളക്ഷൻ നടത്തി സാധാരണക്കാരെ സഹായിച്ചിട്ടുണ്ട്. എസ്.യു.സി ഐ നുഴഞ്ഞുകയറി നടത്തുന്നത് വ്യാജ സമരങ്ങൾ.
സിഐടിയുവിന് ഒരു അങ്കലാപ്പും ഇല്ലെന്നും ഹർഷകുമാർ പറഞ്ഞു.പത്തനംതിട്ടയിൽ സിഐടിയു വർക്കേഴ്സ് യൂണിയന്റെ പരിപാടിയിലായിരുന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാറിന്റെ അധിക്ഷേപ പരാമർശം നടത്തിയിരുന്നത്. മിനി സാംക്രമിക രോഗം പരത്തുന്ന കീടമെന്നായിരുന്നുപി.ബി. ഹർഷകുമാറിന്റെ പരാമർശം. സമരത്തിൻ്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിനു പിന്നിൽ. അതിൻ്റെ നേതാവാണ് മിനിയെന്നും ഹർഷകുമാർ പറഞ്ഞു.