ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ യുവതിയേയും രണ്ട് പെൺകുട്ടികളേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. പാറോലിക്കൽ സ്വദേശി ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്.
കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20 നാണ് ട്രെയിൻ അപകട സ്ഥലത്ത് എത്തിയത്. ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.