KeralaTop News

ആദ്യം വീടുകൾ നിർമ്മിക്കുക എൽസ്റ്റോൺ എസ്റ്റേറ്റിൽ, പൂർണമായും ആളുകളെ പുനരധിവസിപ്പിക്കും; മന്ത്രി കെ രാജൻ

Spread the love

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരെ പൂർണ്ണമായും പുനരധിവസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അതിൽ ആർക്കും പേടി വേണ്ട. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകും. ആദ്യഘട്ടവും രണ്ടാംഘട്ടവും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് നേരിട്ട് ദുരന്തത്തിൽ ഉൾപ്പെട്ടവരാണ്. എൽസ്റ്റോൺ എസ്റ്റേറ്റിലാണ് ആദ്യം വീടുകൾ നിർമ്മിക്കുക. 7 സെൻറ് ഭൂമിയിൽ ആയിരം സ്ക്വയർ ഫീറ്റിലായിരിക്കും വീട്. ഒരാളുടെ വീടിന് 30 ലക്ഷവും ജിഎസ്ടിയുമാണ് ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നത്. പക്ഷേ വീടു പണിയാൻ സ്പോൺസർ ചെയ്യുന്നവർ 20 ലക്ഷം രൂപ മാത്രം തന്നാൽ മതി. ബാക്കി തുക മെറ്റീരിയൽസും അല്ലാതെയുമായി സർക്കാർ കണ്ടെത്തുമെന്നും സ്പോൺസർ നൽകിയതിനേക്കാൾ കൂടുതൽ തുക വന്നാൽ അത് സർക്കാർ വഹിക്കും. 12 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

വയനാട് ദുരന്തം ഉണ്ടായി 60 ദിവസത്തിനുള്ളിൽ തന്നെ ഭൂമി ഏറ്റെടുക്കാനുള്ള കാര്യങ്ങൾ സർക്കാർ തീരുമാനിച്ചത്.നോ ഗോ സോണിൽ ഉൾപ്പെട്ടിട്ടില്ല എന്നാൽ അങ്ങോട്ട് പോകാൻ കഴിയാത്ത സാഹചര്യം. റോഡ് പോലും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ആളുകളുണ്ട് വയനാട്ടിൽ. അവർക്ക് വേണ്ടി നാല് പാലങ്ങളും എട്ട് റോഡും നിർമ്മിക്കും. പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കും. പുഴയിൽ തൂണുകൾ ഇല്ലാത്ത തരത്തിൽ ആയിരിക്കും പാലം നിർമ്മിക്കുക. നാളെ ഒരു ദുരന്ത മേഖല ഉണ്ടായാൽ റെസ്ക്യൂ പോയിന്റ് ആയിരിക്കും ഈ പാലം മന്ത്രി പറഞ്ഞു. നോ ഗോണിൽ ഉള്ള ഭൂമിയിൽ താമസിക്കാൻ അനുവദിക്കില്ല. എന്നാൽ കൃഷിക്കും മറ്റുമായി ആ ഭൂമി അവർക്ക് തന്നെ ഉപയോഗിക്കാം. അവിടെയുള്ള വീടുകൾ പൊളിച്ച് കളയുമെന്നും മന്ത്രി വ്യക്തമാക്കി.

ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയത് സർക്കാർ അല്ല ഡിഡിഎംഎ ആണ്. സർക്കാരിൻറെ ഒരു പ്രതിനിധിയും ഇതിൽ ഇടപെട്ടിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് മുതൽ വാർഡ് മെമ്പർ വരെ ഉൾപ്പെട്ടാണ് ഡി ഡി എം എ ആണ് ലിസ്റ്റ് തയ്യാറാക്കിയത്. അതേസമയം, അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തിൽ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യപരമായ പ്രതിഷേധവും എതിർപ്പും ആർക്കും ഉന്നയിക്കാം. ദുരന്തത്തിനിരയായവരുടെ മനസിൽ ആശങ്ക ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രകോപനത്തിലേക്ക് ആരും പോകരുത്. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യണമെന്ന് താൻ ആഹ്വാനം ചെയ്യുന്നില്ല. പക്ഷേ മനസ്സിലെങ്കിലും കേന്ദ്ര അവഗണന എന്നത് ഉണ്ടാകണം. കടങ്ങൾ എഴുതി തള്ളണമെന്ന് കേന്ദ്ര നിവാരണ അതോറിറ്റി ഒരു യോഗം ചേർന്ന് ഉത്തരവ് പാസാക്കിയൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നങ്ങൾ . ദേശസാൽകൃത ബാങ്കുകൾക്ക് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഒരു ഉത്തരവും പുറത്താക്കിയ അത് എഴുതിത്തളളും. സമരം ചെയ്യുന്നവർ ഇതുകൂടി പറയാൻ തയ്യാറാകണമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.